യുവമോര്‍ച്ച പ്രവര്‍ത്തകന്റെ മുണ്ട് ഉരിഞ്ഞെന്ന് പ്രചാരണം, എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനെതിരെ ഭീഷണി

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ മുണ്ടുരിഞ്ഞെന്ന് പ്രചരിപ്പിച്ച് എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനെതിരെ നവമാധ്യമങ്ങളില്‍ ഭീഷണിയുണ്ടെന്ന് പരാതി. പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരന്‍ അസീം എം. ഫിറോസിനെതിരെയാണ് ഭീഷണി. തനിക്കെതിരെ കുപ്രചാരണം നടത്തുന്നുവെന്നും ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്നും കാണിച്ച് അസീം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

അമ്പലം ദിലീപ് എന്ന ഫെയ്സ്ബുക്ക് ഐഡിയില്‍ നിന്നാണ് ഭീഷണി മുഴക്കിയുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. “”ശ്രദ്ധിക്കുക, പി.എസ്‌.സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റിന്റെ ഉടുമുണ്ട് അഴിക്കുകയും അകാരണമായി മര്‍ദ്ദിക്കുകയും ചെയ്ത പൊലീസ് യൂണിഫോമിട്ട മുന്‍ യൂണിവേഴ്‌സിറ്റി ഗുണ്ടയായ ഇവന്റെ ഡീറ്റയില്‍സ് കിട്ടും വരെ ഷെയര്‍ ചെയ്യുക”” എന്നായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിന് താഴെ അസീമിന്റെ ഐഡിന്റിറ്റി വെളിപ്പെടുത്തി നിരവധി പേര്‍ കമന്റുകളുമായി എത്തി. ഒറ്റയ്ക്ക് കിട്ടുമ്പോള്‍ പണി കൊടുക്കണം, തല്ലണം തുടങ്ങിയ ഭീഷണികളും അസഭ്യവര്‍ഷവും കമന്റുകളായെത്തി. ഇതിന് പിന്നാലെയാണ് അസിം പൊലീസില്‍ പരാതി നല്‍കുന്നത്.

പട്ടം പി.എസ്‌.സി ഓഫീസിലേക്ക് വന്ന യുവമോര്‍ച്ച മാര്‍ച്ച് തടയുന്നതിനിടെയാണ് ഇങ്ങനെയൊരു സംഭവം നടന്നതായി പറയുന്നത്.
തന്റെ ചിത്രം ഉപയോഗിച്ച് ഭീഷണി തുടരുകയാണെന്നും നടപടി എടുക്കണമെന്നും നസീം പരാതിയില്‍ ആവശ്യപ്പെടുന്നു. ഭീഷണി പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് നസീം പരാതി നല്‍കിയിരിക്കുന്നത്.