മരംമുറി: മുന്‍ റേഞ്ച് ഓഫീസര്‍ക്ക് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്ത്, രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു

മരംമുറി വിവാദത്തില്‍ അടിമാലി മുന്‍ റേഞ്ച് ഓഫിസറുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്തുള്ളതായി കണ്ടെത്തല്‍. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തേക്കടിയിലെ വീട്ടിലും റിസോര്‍ട്ടിലും വിജിസലന്‍സ് പരിശോധന നടത്തിയത്. എറണാകുളം സ്‌പെഷ്യല്‍ സെല്ലാണ് പരിശോധന നടത്തിയത്. നിര്‍ണ്ണായക രേഖകള്‍ സംഘം പിടിച്ചെടുത്തു.

കോടിക്കണക്കിന് രൂപയുടെ സ്വത്ത് അടിമാലിയടക്കം നിരവധി സ്ഥലങ്ങളില്‍ റേഞ്ച് ഓഫീസറായിരിക്കെ ജോജി സ്മ്പാദിച്ചതായാണ് വിജിലന്‍സിന് പരാതി ലഭിച്ചത്. തുടര്‍ന്ന് എറണാകുളം സ്‌പെഷ്യല്‍ സെല്‍ കേസെടുക്കുകയായിരുന്നു. റെയ്ഡില്‍ സ്വത്ത് സംബന്ധിച്ച് രേഖകളും ബാങ്ക് രേഖകളും സംഘം പിടിച്ചെടുത്തു.

രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമേ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് വ്യക്തത വരുവെന്ന് വിജിലന്‍സ് വ്യക്തമാക്കി. മരംമുറിയുമായി ബന്ധപ്പെട്ട് നിലവില്‍ സസ്പെന്‍ഷനില്‍ കഴിയുകയാണ് ജോജി.