മരംമുറി വിവാദം: അടിമാലി മുന്‍ റേഞ്ച് ഓഫീസറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

മരംമുറിയില്‍ അന്വേഷണം ശക്തമാക്കി വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് മുന്‍ റേഞ്ച് ഓഫിസര്‍ ജോജി ജോണിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുകയാണ്. തേക്കടിയിലെ വീട്ടിലും റിസോര്‍ട്ടിലുമാണ് വിജിസലന്‍സ് പരിശോധന. എറണാകുളം സ്പെഷ്യല്‍ സെല്ലാണ് പരിശോധന നടത്തുന്നത്. നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുകയാണ് ജോജി.

അതേസമയം മുട്ടില്‍മരംമുറി കേസില്‍ റവന്യൂ വകുപ്പിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിക്കെതിരെയുള്ള വിവാദ പരാമര്‍ശം സര്‍ക്കാര്‍ നീക്കിയിരുന്നു. ശാലിനി വിശ്വാസ്യത ഇല്ലാത്ത ഉദ്യോഗസ്ഥയാണ് എന്ന പരാമര്‍ശമാണ് നീക്കം ചെയ്തത്.ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ചെടുത്ത ഉത്തരവിലായിരുന്നു ഈ വിവാദ പരാമര്‍ശം ഉണ്ടായിരുന്നത്.

അഡീ. ചീഫ് സെക്രട്ടറിയാണ് ഗുഡ് സര്‍വീസ് എന്‍ട്രിയില്‍ ഈ പരാമര്‍ശം രേഖപ്പെടുത്തിയിരുന്നത്. ഇത് തിരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട് എങ്കിലും ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ചെടുത്ത നടപടി മാറ്റമില്ലാതെ തുടരും.

വിവരാവകാശ നിയമ പ്രകാരം മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചു കൊണ്ടിരുന്നപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ വിവരങ്ങള്‍ പുറത്ത് നല്‍കരുത് എന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ശാലിനി മരംമുറിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ പുറത്ത് നല്‍കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വിവരങ്ങള്‍ കൈമാറിയത് സംബന്ധിച്ചുള്ള വിവാദങ്ങളെ തുടര്‍ന്ന് ശാലിനിയുടെ ഗുഡ് സര്‍വീസ് തിരിച്ചെടുക്കുകയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു.