കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന യുവതിയുടെ പരാതി; ഒടുവിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരത്ത് പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. യുവതിയുടെ അച്ഛൻ, അമ്മ ഉൾപ്പെടെ ആറുപേർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. തട്ടിക്കൊണ്ടുപോകൽ, വീട്ടുതടങ്കലിൽ വയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. സിപിഎം പേരൂർക്കട ഏരിയ കമ്മിറ്റി അംഗം പി.എസ് ജയചന്ദ്രനെതിരെയാണ് മകൾ അനുപമ പരാതി നൽകിയത്. പരാതി കൊടുത്ത് ആറ് മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരി ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

അച്ഛനും അമ്മയും തന്റെ കുഞ്ഞിനെ അനുവാദമില്ലാതെ കൊണ്ടുപോയെന്ന് കാണിച്ച് ഏപ്രിൽ 19 നാണ് അനുപമ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ല. തന്റെ കുഞ്ഞിനു വേണ്ടി മാസങ്ങളായി അലയുകയായിരുന്നു അനുപമ. പ്രസവിച്ച് മൂന്നാം ദിവസം കുഞ്ഞിനെ അമ്മയിൽനിന്ന് വേർപ്പെടുത്തി മാതാപിതാക്കൾ ശിശുക്ഷേമ സമിതിയിൽ ഏൽപിക്കുകയായിരുന്നു.

ഡിവൈഎഫ്‌ഐ പേരൂർക്കട മേഖലാ പ്രസിഡന്റായിരുന്ന അജിത്തും എസ്എഫ്‌ഐ ഏരിയ ജോയിന്റ് സെക്രട്ടറി കൂടിയായ അനുപമയും തമ്മിൽ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. അജിത്ത് ദളിത് ക്രിസ്ത്യാനിയായതിനാൽ അനുപമയുടെ കുടുംബം ബന്ധത്തെ എതിർത്തു. ഇതിനിടയിൽ അനുപമ ഗർഭിണിയായി. ദുരഭിമാനത്തെ തുടര്‍ന്ന് യുവതിയെ കുടുംബം വീട്ടുതടങ്കലിൽ വച്ചു.

തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അനുപമ സിസേറിയനിലൂടെ ആൺകുഞ്ഞിനെ പ്രസവിച്ചത്. സഹോദരിയുടെ വിവാഹം കഴിഞ്ഞിട്ട് തിരിച്ചുനൽകാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും കുഞ്ഞിനെ കൊണ്ടുപോവുകായായിരുന്നു എന്നാണ് അനുപമയുടെ പരാതി. ഇതിനിടയിൽ സഹോദരിയുടെ വിവാഹ ആവശ്യത്തിനെന്നു പറഞ്ഞ് അനുപമയിൽനിന്ന് പാര്‍ട്ടി അഭിഭാഷകൻ ഉൾപ്പെടെ രണ്ടുപേരെത്തി രേഖകൾ ഒപ്പിട്ടുവാങ്ങി. വിശദാംശങ്ങള്‍ ചോദിച്ചെങ്കിലും വെളിപ്പെടുത്തിയില്ല എന്നാണ് അനുപമയുടെ പരാതി.

അതിനിടെ അജിത് തന്റെ ആദ്യ ഭാര്യയിൽനിന്ന് വിവാഹമോചനം നേടി. സഹോദരിയുടെ വിവാഹം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും അച്ഛനും അമ്മയും അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചുനൽകിയില്ല. ഇതേത്തുടർന്നാണ് കഴിഞ്ഞ ഏപ്രിലിൽ അനുപമ വീടുവിട്ട് അജിത്തിനൊപ്പം പോയത്. കുട്ടിയെ തിരിച്ചുകിട്ടാനായി പേരൂർക്കട പൊലീസിനെ നിരവധി തവണ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപിച്ചിരുന്നുവെന്നാണ് പിന്നീട് ലഭിച്ച വിവരം.

പൊലീസ് നടപടി എടുക്കാത്തതിന് തുടർന്ന് അനുപമയും അജിത്തും പാർട്ടിയെ പലതവണ സമീപിച്ചിരുന്നു. എന്നാൽ അനുകൂലമായ പ്രതികരണം ഉണ്ടായില്ല. സിപിഎമ്മിന്റെ ഉന്നത നേതാക്കളായ എ വിജയരാഘവൻ, കോടിയേരി ബാലകൃഷ്ണൻ, പി സതീദേവി, ആനാവൂർ നാഗപ്പൻ തുടങ്ങിയവരെയെല്ലാം കണ്ട് അനുപമയും അജിത്തും പരാതി ബോധിപ്പിച്ചു. എന്നാൽ നേതാക്കളിൽ നിന്നും അനുകൂലമായ പ്രതികരണം ഉണ്ടായില്ല. പാർട്ടി സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാമെന്ന് മുൻ മന്ത്രി പി.കെ ശ്രീമതി അറിയിച്ചെങ്കിലും വാക്ക് പാലിച്ചില്ല.

സി.പി.എം ദേശീയ നേതാവ് വൃന്ദ കാരാട്ട് മാത്രമായിരുന്നു വിഷയം പരിഗണിച്ചതെന്നാണ് അനുപമ പറയുന്നത്. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവിക്കും ശിശുക്ഷേമ സമിതിക്കുമെല്ലാം പരാതി നൽകി. പരാതി നൽകി മാസങ്ങളായിട്ടും ഒരു തരത്തിലുമുള്ള ഇടപെടലുണ്ടായില്ലെന്നാണ് പരാതിക്കാർ പറയുന്നത്.