സില്‍വര്‍ലൈനില്‍ സര്‍ക്കാരിന് ഒപ്പം; നിലപാട് അറിയിച്ച് എന്‍.സി.പി

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കണം എന്ന എല്‍ഡിഎഫിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍. പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് ശരിയായ വിശദീകരണം നല്‍കിയാല്‍ പ്രതിഷേധങ്ങള്‍ തണുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറി സില്‍വര്‍ലൈനിനെ കുറിച്ച് ജനങ്ങളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ധൃതി പിടിച്ചുള്ള തീരുമാനമല്ല ഈ പദ്ധതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സില്‍വര്‍ലൈന്‍ വിഷയത്തില്‍ ഇടതുമുന്നണിയിലെ പാര്‍ട്ടികള്‍ക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുമ്പോഴാണ് എന്‍സിപി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം സില്‍വര്‍ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ കൂടി ഹൈക്കോടതി തള്ളി. സര്‍വേ നടത്തുന്നതും അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നതും തടയണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് തള്ളിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

പഠനം നടത്തുന്നതിന് കല്ലുകള്‍ സിമന്റിട്ട് ഉറപ്പിക്കുന്നത് എന്തിനാണ്, വലിയ കല്ലുകളിട്ട് ജനങ്ങളെ എന്താനാണ് പരിഭ്രാന്തരാക്കുന്നത് എന്നും കോടതി ചോദിച്ചു. പഠനത്തിനുശേഷം കല്ല് എടുത്തുമാറ്റുമോ, ഭൂമിയുടെ ഉടമസ്ഥര്‍ക്ക് ലോണ്‍ എടുക്കാന്‍ സാധിക്കുമോ, കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതുവരെ കല്ല് അവിടെത്തന്നെ ഇടുമോ മുതലായ കാര്യങ്ങളിലെല്ലാം വ്യക്തത വേണമെന്നും കോടതി നിരീക്ഷിച്ചു.