ഫാസിസ്റ്റും അഴിമതിക്കാരനുമായ പിണറായിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുവാന്‍ സന്ധിയില്ലാതെ പോരാടും : പി.സി ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ്. ഫാസിസ്റ്റും അഴിമതിക്കാരനുമായ ഒരു ഭരണാധികാരിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുവാന്‍ സന്ധിയില്ലാത്ത പോരാട്ടം തുടരും. അത് ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടെങ്കില്‍ ആ ഗൂഢാലോചന ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്വപ്ന സുരേഷ് ഒന്നാം പ്രതിയായും താന്‍ രണ്ടാം പ്രതിയായും തിരുവനന്തപുരം കാന്റോണ്മെന്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കേസിന്റെ എഫ്.ഐ.ആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വപ്ന സുരേഷ് ഫയല്‍ ചെയ്ത ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ച് വിധി പറയുന്ന സാഹചര്യത്തിലാണ് പി സി ജോര്‍ജ്ജിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സ്വപ്ന സുരേഷ് ഒന്നാം പ്രതിയായും ഞാന്‍ രണ്ടാം പ്രതിയായും തിരുവനന്തപുരം കാന്റോണ്മെന്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കേസിന്റെ എഫ്.ഐ.ആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വപ്ന സുരേഷ് ഫയല്‍ ചെയ്ത ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ച് വിധി പറയുകയാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം എന്റെ അറിവ് അനുസരിച്ച് നിലവില്‍ അന്വേഷണ ഘട്ടത്തില്‍ ഇരിക്കുന്ന ഒരു കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കുക എന്നുള്ളത് അപ്രാപ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഈ അപേക്ഷ തള്ളാനാണ് സാധ്യത കൂടുതല്‍.

ഞാന്‍ ഇത് ഇപ്പോള്‍ കുറിക്കുന്നത് ആ അപേക്ഷ ബഹുമാനപ്പെട്ട ഹൈക്കോടതി തള്ളുകയാണെങ്കില്‍ പിണറായി സര്‍ക്കാര്‍ എടുത്ത നടപടി ഹൈക്കോടതി ശരിവെക്കുന്നു എന്ന് അതിന് അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കുവാന്‍ വേണ്ടിയാണ്. കേസിന്റെ അന്വേഷണം പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ അത്തരം കാര്യങ്ങളില്‍ ഒരിക്കലും കോടതി ഇടപെടാറില്ല. ഈ അവസരത്തില്‍ എഫ്.ഐ.ആര്‍ ക്വാഷ് ചെയ്യാന്‍ സ്വപ്ന സുരേഷ് അപേക്ഷ നല്‍കിയത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ നിയമപരമായ പല പരിരക്ഷകളും അവര്‍ പ്രതീക്ഷിച്ചിണ്ടുണ്ടാകാം.

ഈ കേസ് 100% കെട്ടിച്ചമച്ചതും,പിണറായി വിജയന്റെ കള്ളത്തരങ്ങള്‍ പുറത്തു വരാതിരിക്കാനും അതില്‍ നിന്നും ശ്രദ്ധ തിരിക്കാനും വേണ്ടി മാത്രം സൃഷ്ടിച്ചതാണ് എന്ന എന്റെ നിലപാടില്‍ ഒരു വ്യത്യാസവുമില്ല എന്ന് അറിയിക്കുന്നു. അന്വേഷണം പൂര്‍ത്തീകരിച്ച് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തതിന് ശേഷം ഈ എഫ്..ഐ.ആര്‍ ക്വാഷ് ചെയ്യാന്‍ ഞാനും ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുന്നതാണ്. ഒരിക്കല്‍ കൂടി ഞാന്‍ എടുത്തു പറയുന്നു ഫാസിസ്റ്റും അഴിമതിക്കാരനുമായ ഒരു ഭരണാധികാരിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുവാന്‍ സന്ധിയില്ലാത്ത പോരാട്ടം തുടരും. അത് ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടെങ്കില്‍ ആ ഗൂഢാലോചന ചെയ്യുക തന്നെ ചെയ്യും.