അമ്പൂരിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി; മൃതദേഹം മൂക്ക് ഛേദിച്ച നിലയില്‍

തിരുവനന്തപുരം അമ്പൂരിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. അമ്പൂരി മായം കോലോത്ത് വീട്ടില്‍ രാജി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ രാജിയുടെ ഭര്‍ത്താവ് മനോജ് സെബാസ്റ്റിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു.

രാജി മായത്തെ ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു പ്രതി ആക്രമിച്ചത്. രാജിയുടെ മുഖത്തും നെഞ്ചത്തും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ മൂക്ക് ഛേദിച്ച വിധത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഒരു വര്‍ഷത്തോളമായി രാജി ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു.

ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഇരുവരും അടുത്ത വീടുകളിലായാണ് താമസിച്ചിരുന്നത്. മകന്‍ രാജിയുടെ ഒപ്പവും മകള്‍ മനോജിനൊപ്പവുമാണ് താമസിച്ചിരുന്നത്. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.