ഇപ്പോള്‍ ഉള്ളത് മാധ്യമങ്ങളുടെ വിധികള്‍; ഏത് കോടതിയാണ് ദിലീപിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്; പിന്തുണ ആവര്‍ത്തിച്ച് അടൂര്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് ഏതെങ്കിലും കോടതി വിധിച്ചോയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. മാധ്യമങ്ങളുടെ വിധികളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. കോടതി അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയില്‍ തെളിവുകളോടെ തെളിയിക്കുന്ന ഘട്ടത്തില്‍ മാത്രമേ കുറ്റവാളി എന്ന് ഞാന്‍ വിശ്വസിക്കൂവെന്ന് അടൂര്‍ വ്യക്തമാക്കി. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവച്ച കാര്യം അറിയിക്കാനായി മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസിലും അടൂര്‍ പ്രതികരിച്ചത്.

താന്‍ രാജിവെയ്ക്കുന്ന കാര്യം അദേഹം ഏഴുതിവായിക്കുകയായിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടര്‍ന്ന് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയുമാണ് അടൂരിന്റെ രാജിക്ക് കാരണം. കഴിഞ്ഞ ദിവസം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ഗിരീഷ് കാസറവള്ളി രാജിവച്ചിരുന്നു. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയോട് അനുഭാവം പ്രകടിപ്പിച്ച് 11 പേരാണ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഉന്നതസ്ഥാനങ്ങള്‍ രാജിവച്ചത്. മാര്‍ച്ച് 31 വരെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ അടൂരിന്റെ കാലാവധി ഉണ്ടായിരുന്നു. അടൂര്‍ സ്ഥാനത്ത് തുടരണമെന്നാണ് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം തള്ളിയാണ് അദേഹം പരസ്യമായി രാജിപ്രഖ്യാപനം നടത്തിയത്.