'സർക്കാർ കാര്യക്ഷമമല്ലാത്തതിനാലാണ് വരേണ്ടി വന്നത്, അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് പരിഹാരം കണ്ടെത്തും'; രാഹുൽ ഗാന്ധി

സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലാതെ പോയതിനാലാണ് വയനാട്ടിലേക്ക് തനിക്ക് വരേണ്ടി വന്നതെന്ന് രാഹുൽ ഗാന്ധി എംപി. സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് താൻ വന്നതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും രാഹുൽ വിശദീകരിച്ചു. വന്യജീവി പ്രശ്നങ്ങളിൽ അയൽ സംസ്ഥാനങ്ങളുമായി കൂടി സഹകരിച്ച് പരിഹാര മാർഗങ്ങൾ തേടാം. വയനാട്ടിൽ സൗകര്യങ്ങളോട് കൂടിയ മെഡിക്കൽ കോളേജ് ആവശ്യമാണെന്നും രാഹുൽ പറഞ്ഞു.

ജില്ലാ ഭരണകൂടവും എസ്പിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നേരിട്ട് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തെ ലഭിച്ചില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വയനാട്ടിലെ ജനങ്ങള്‍ എന്താണ് അനുഭവിക്കുന്നത് എന്ന് അദ്ദേഹവുമായി നേരിട്ട് പറയേണ്ടതുണ്ടെന്ന് കരുതുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് സന്ദര്‍ശനത്തെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കരുത്. വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിക്കുന്നതിന് വേണ്ടിയാണ് എത്തിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്തുകൊണ്ടാണ് മെഡിക്കല്‍ കോളജ് നിര്‍മ്മിക്കാന്‍ കാലതാമസം വരുന്നത്? ശരിയായ മെഡിക്കല്‍ കോളേജ് ഇല്ലാതെ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദുരന്തമാണ്. ഇതിനെ കുറിച്ച് മുഖ്യമന്ത്രിക്ക് എഴുതിയിരുന്നു. ഇത് വേഗത്തില്‍ പരിഗണിക്കമെന്ന് അദ്ദേഹത്തോട് വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. ഇതൊരു രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സ്ഥലമായി കരുതുന്നില്ല. വയനാട് വലിയൊരു പ്രശ്‌നമാണ് അഭിമുഖീകരിക്കുന്നത്. വയനാട്ടിലെ ജനങ്ങള്‍ക്ക് ഈ വിഷയങ്ങള്‍ ഭീതിയും അരക്ഷിതാവസ്ഥയും വളര്‍ത്തുന്നതാണ്.

വന്യജീവി പ്രശ്നത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം വൈകരുത്. നഷ്ടപരിഹാര തുകയിൽ കാലതാമസം വരുത്തുന്നത് ശരിയല്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് വയനാട് എംപി രാഹുൽ ഗാന്ധിയുടെ സന്ദർശനം. കണ്ണൂരിൽ നിന്ന് റോഡുമാർഗം രാവിലെ ഏഴേ മുക്കാലോടെയാണ് രാഹുൽ വയനാട്ടിലേക്ക് എത്തിയത്. മോഴ ആന ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുൽ ആദ്യമെത്തിയത്. വന്യജീവി പ്രശ്നങ്ങൾ കുടുംബം രാഹുൽ ഗാന്ധിയോട് പങ്കുവെച്ചു.

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ വീടും കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിൻ്റെ വീടും രാഹുൽ സന്ദർശിച്ചു. കൽപ്പറ്റയിൽ പിഡബ്യൂഡി റസ്റ്റ് ഹൌസിൽ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികൾ രാഹുൽ ഗാന്ധി വിലയിരുത്തി. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.