'മൂന്നര വര്‍ഷം മുമ്പ് നടന്ന സംഭവത്തിന് ഇപ്പോള്‍ എന്തുകൊണ്ട് പരാതി വന്നു എന്ന് അന്വേഷിക്കണം, ആരോപണം ഉന്നയിച്ചവർ മന്ത്രിമാർക്കൊപ്പം കെട്ടിപ്പിച്ച് നിൽക്കുന്ന ചിത്രം വന്നു'; വി കെ ശ്രീകണ്ഠൻ

പാലക്കാട് എംഎൽഎയും യൂത്ത് കോണ്‍ഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്‍ എംപി. മൂന്നര വര്‍ഷം മുമ്പ് നടന്ന സംഭവത്തിന് ഇപ്പോള്‍ എന്തുകൊണ്ട് പരാതി വന്നു എന്ന് അന്വേഷിക്കണമെന്ന് വി കെ ശ്രീകണ്ഠൻ പറഞ്ഞു. അതേസമയം രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവർ മന്ത്രിമാർക്കൊപ്പം കെട്ടിപ്പിച്ച് നിൽക്കുന്ന ചിത്രം വന്നുവെന്നും വി കെ ശ്രീകണ്ഠൻ പരിഹസിച്ചു.

ആരോപണം ഉന്നയിച്ചവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് പറഞ്ഞ വി കെ ശ്രീകണ്ഠൻ വെളിപ്പെടുത്തല്‍ നടത്തിയവര്‍ അര്‍ധ വസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ പുറത്ത് വന്നില്ലേയെന്നും ചോദിച്ചു. മന്ത്രിമാരെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം വന്നല്ലോയെന്നും വി കെ ശ്രീകണ്ഠൻ ചോദിച്ചു. പരാതി മനപ്പൂര്‍വം ഗൂഡാലോചന നടത്തിയതാണോയെന്ന് അറിയില്ലല്ലോയെന്നും വി കെ ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ ഗുരുതരമായ പിഴവ് നടത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും വി കെ ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു. മനപ്പൂര്‍വം ഗൂഡാലോചന നടത്തിയതാണോയെന്ന് അറിയില്ലല്ലോയെന്നും അന്വേഷിക്കുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. ഇതിനൊക്കെ പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നും എല്ലാ കാര്യങ്ങളും പുറത്ത് വരുമെന്നും വി കെ ശ്രീകണ്ഠൻ വ്യക്തമാക്കി.

Read more