കൊതുകിനെ വെടിവെയ്ക്കാന്‍ തോക്കെടുക്കണോ; കല്ലിടുന്നത് ഭൂമി പണയപ്പെടുത്തി കടമെടുക്കാനെന്ന് ചെന്നിത്തല

കെ റെയില്‍ പ്രതിഷേധങ്ങളെ നേരിടുന്ന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല രംഗത്ത്. ഭൂമി നഷ്ടപ്പെടുന്നവരുടെ മാത്രം പ്രശ്‌നമല്ലെന്നും സാമൂഹിക പരിസ്ഥിതി പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പഠിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സമരക്കാരെ തല്ലി മുന്നോട്ട് പോകാമെന്ന വ്യാമോഹം വേണ്ടെന്നും രമേശ് ചന്നിത്തല പറഞ്ഞു.

കെ റെയില്‍ വിഷയത്തില്‍ യുഡിഎഫ് വിപുലമായ സരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കല്ല് പിഴുതുമാറ്റുന്നവര്‍ക്കെതിരെ കേസെടുക്കുകയാണെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് എംപിമാര്‍ക്കും, എംഎല്‍എമാര്‍ക്കും എതിരെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊതുകിനെ വെടിവെക്കാന്‍ തോക്കെടുക്കണോ എന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം.

സര്‍ക്കാരിനെ താഴെയിറക്കാന്‍ വിമോചന സമരത്തിന്റെ ആവശ്യമില്ലെന്നും , ഫ്രഞ്ച് കമ്പനിക്ക് കമ്മീഷന്‍ കൊടുക്കാനുള്ള പദ്ധതിയാണ് കെ റെയിലെന്നും ചെന്നിത്തല ആറോപിച്ചു. കല്ലിടുന്നത് ഭൂമി പണയപ്പെടുത്തി കടമെടുക്കാനെന്നും കേരളം ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു.