'പിണറായി സര്‍ക്കാരിന് എന്തുകൊണ്ടും കണ്ട് പഠിക്കാവുന്ന മാതൃകയാണ് ഗുജറാത്ത്' വി.ടി ബലറാം

ഗുജറാത്ത് സര്‍ക്കാരിന്റെ ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് വിടി ബലറാം. പിണറായി സര്‍ക്കാരിന് എന്തുകൊണ്ടും കണ്ട് പഠിക്കാവുന്ന മാതൃകയാണ് ഗുജറാത്തെന്നാണ് വിടി ബലറാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘ശരിയാണ്, പിണറായി വിജയന്റെ കേരള സര്‍ക്കാരിന് എന്തുകൊണ്ടും കണ്ട് പഠിക്കാവുന്ന മാതൃകയാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ്’ അദ്ദേഹം കുറിച്ചു.

ഗുജറാത്ത് കേരളത്തിന് പഠിക്കാന്‍ ഒരിക്കലും മാതൃകയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. ഗുജറാത്തിലുള്ളവര്‍ ഇങ്ങോട്ട് വന്ന് പഠിക്കുകയാണ് വേണ്ടതെന്നും, അങ്ങോട്ട് പോകുന്നത് ഗതികേടാണെന്നുമായിരുന്നു വിമര്‍ശനം. അതേസമയം രാഷ്ട്രീയം നോക്കിയല്ല കാര്യങ്ങള്‍ പഠിക്കുന്നതെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.

ഗുജറാത്തില്‍ ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ്ബോര്‍ഡ് സിസ്റ്റം പഠിക്കാനാണ് ചീഫ് സെക്രട്ടറി വി പി ജോയ് ഉള്‍പ്പെട്ട സംഘം ഗുജറാത്തിലേക്ക് പോകുന്നത്. കേരള സംഘം ഇന്ന് ഗുജറാത്തിലേക്ക് പുറപ്പെടും. ഇന്നു മുതല്‍ 29ാം തിയതി വരെയാണ് സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യാത്ര.

വന്‍കിട പദ്ധതികളുടെ ഏകോപനത്തിനായാണ് ഗുജറാത്തില്‍ ഡാഷ്ബോര്‍ഡ് സിസ്റ്റം തയ്യാറാക്കിയത്. 2019ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് ഓരോ വകുപ്പിലും നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും അതിന്റെ പുരോഗതിയെക്കുറിച്ചും ഇതില്‍ നിന്ന് മനസ്സിലാക്കാനാകും.

സന്ദര്‍ശനത്തിന് ശേഷം ചീഫ് സെക്രട്ടറി തല സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറും. ഇത് പഠിച്ച ശേഷമായിരിക്കും സംസ്ഥാനത്ത് നടപ്പാക്കുമോ എന്നതില്‍ തീരുമാനമെടുക്കുക.