മഴയിലും ആവേശം ചോരാതെ നിലമ്പൂരില്‍ വോട്ടെടുപ്പ്; പോളിംഗ് 30 ശതമാനത്തിന് മുകളില്‍; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 75.23 ശതമാനം മറികടക്കുമോയെന്ന് ഉറ്റുനോക്കി മുന്നണികള്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ നീണ്ടനിര. മഴയിലും ആവേശം ചോരാതെ വോട്ടു രേഖപ്പെടുത്താനെത്തുന്നുണ്ട് നിലമ്പൂരിലെ വോട്ടര്‍മാര്‍. പോളിങ് 30 ശതമാനം പിന്നിട്ടു. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിങ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. രാവിലെ മുതല്‍ മഴ മണ്ഡലത്തിലുണ്ടെങ്കിലും അതൊന്നും വോട്ടര്‍മാരെ ബാധിച്ചിട്ടില്ല. ഇപ്പോള്‍ മഴ ശമിച്ചതോടെ കൂടുതല്‍ പോര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ് പറഞ്ഞു. നാട് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമുണ്ടെന്നും ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം എം സ്വരാജ് പറഞ്ഞു. ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. യുഡിഎഫും എല്‍ഡിഎഫും തമ്മിലുളള നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.

Read more

എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 148ല്‍ എത്തി, കുടുംബസമേതം വോട്ട് രേഖപ്പെടുത്തി. വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ ഇരുപത്തിരണ്ടാം ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറായതോടെ ചില വോട്ടര്‍മാര്‍ മടങ്ങിപ്പോയി. നിലമ്പൂര്‍ ആയിഷ മുക്കട്ട ജിഎല്‍പിഎസിലും മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി.അബ്ദുല്‍ വഹാബ് നിലമ്പൂര്‍ ടൗണ്‍ മോഡല്‍ സ്‌കൂളിലും വോട്ടു രേഖപ്പെടുത്തി.