ജോജു ജോർജിന് എതിരായ അക്രമം; കൊച്ചി മുൻ മേയർ ടോണി ചമ്മിണിയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

 

റോഡ് തടഞ്ഞ് കോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്തതിന് നടൻ ജോജു ജോർജിനെ ആക്രമിച്ച സംഭവത്തിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണിയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. നടൻ ജോജു ജോർജിനെ അക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയാണ് ടോണി ചമ്മിണിക്കെതിരെയും മറ്റ് ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തത്.

അക്രമത്തിന് നേതൃത്വം കൊടുത്തത് കൊച്ചി മുൻ മേയർ ടോണി ചമ്മിണിയാണെന്നും നടൻ ജോജു ജോർജിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്നും മരട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. തന്റെ കാറിന്റെ ചില്ല് തകർത്തത് കണ്ടാൽ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ആണെന്ന് ജോജു മൊഴി നൽകിയിരുന്നു. കാറിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. പ്രതികൾക്കെതിരേ പിഡിപിപി ആക്ട് സെക്ഷൻ 5 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നതിനാൽ ടോണി ചമ്മിണിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകും .

എന്നാൽ തനിക്കെതിരെ കള്ളക്കേസ് ആണ് രജിസ്റ്റർ ചെയ്തതെന്നും നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്ന് ടോണി ചമ്മിണി പറഞ്ഞു. അതേസമയം ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോൺഗ്രസ് നടത്തിയ സമരത്തിന് നേരെ പ്രതിഷേധിച്ച് പ്രവർത്തകരോട് തട്ടിക്കയറിയ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തില്ല. ജോജു ജോർജിനെതിരെ കോൺഗ്രസ് വനിതാ പ്രവർത്തക നൽകിയ പരാതിയിൽ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തുടർനടപടികൾ ഉണ്ടാകുമെന്ന് മരട് പൊലീസ് വ്യക്തമാക്കി .