ട്രെയിനില്‍ അച്ഛനൊപ്പം യാത്രചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം; കേസെടുത്ത് പൊലീസ്‌

ടെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം. ഇന്നലെ രാത്രിയാണ് സംഭവം. എറണാകുളത്ത് നിന്ന് വരികയായിരുന്ന ഗുരുവായൂര്‍ എക്‌സ്പ്രസ്സില്‍ വെച്ച് തൃശൂര്‍ സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്.

കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തുവെന്നുമാണ് പരാതി. ട്രെയിനിലുണ്ടായിരുന്ന ആറോളം പേരാണ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്.

50 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. സംഭവത്തെ കുറിച്ച് പൊലീസ് ഗാര്‍ഡിനോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

റെയില്‍വേ പൊലീസ് സംഭവത്തില്‍ പോക്സോ കേസ് എടുത്തിട്ടുണ്ട്. അതിക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.