രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് വീണ്ടും കുരുക്ക്. അതിജീവിതയെ വീണ്ടും അപമാനിച്ച രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച ഹർജിയിൽ കോടതി നോട്ടീസയച്ചു. കോടതിയുടെ കർശന നിർദ്ദേശം ലംഘിച്ചുവെന്നും നോട്ടീസിൽ പറയുന്നു.
കേസിൽ നേരത്തെ ജയിലിലായ രാഹുൽ ഈശ്വർ ജാമ്യത്തിലിറങ്ങിയ ശേഷവും യുവതിയെ അധിക്ഷേപിച്ചതാണ് പുതിയ കുരുക്കായി മാറുന്നത്. അതിജീവിതയെ വീണ്ടും അപമാനിച്ച രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച ഹർജിയിൽ കോടതി നോട്ടീസയച്ചു. ഈ മാസം 19 ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്ന് തിരുവനന്തപുരം അഡീഷണൽ സി ജെ എം കോടതി ആവശ്യപ്പെട്ടു.
ജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നുവെന്നും ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. പരാതിക്കാരി വീണ്ടും അപമാനിച്ചുവെന്നാരോപിച്ച് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നും പരാതിക്കാരി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.







