'മതംപറഞ്ഞവർ സംഘടിതരും വോട്ടുബാങ്കുമാണെന്ന് തെളിഞ്ഞു, കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപിക്കാർ വരെ ഓട്ടമായിരുന്നു'; വെള്ളാപ്പള്ളി

രാജ്യത്ത് ക്രൈസ്തവർ രണ്ടരശതമാനമേ ഉള്ളൂവെങ്കിലും അവർ സംഘടിതരും വോട്ടുബാങ്കുമാണെന്നു തെളിഞ്ഞുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കന്യാസ്ത്രീകളുടെ അറസ്റ്റിൽ കോൺഗ്രസും കമ്യൂണിസ്റ്റും ബിജെപിയും ഛത്തീസ്ഗഢിലേക്ക് കത്തിച്ചുവിടുകയായിരുന്നുവെന്നും ശിവഗിരിമഠത്തിനു നേരെ അതിക്രമമുണ്ടായപ്പോൾ ഒരാളെയും കണ്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മതം പ്രസംഗിച്ചവർ കേമന്മാരും മതേതരത്വം പ്രസംഗിച്ചവർ തൊഴിലുറപ്പുകാരുമായെന്നും മതംപറഞ്ഞവർ സംഘടിതരും വോട്ടുബാങ്കുമാണെന്ന് തെളിഞ്ഞുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കന്യാസ്ത്രീകൾ അറസ്റ്റിലായപ്പോൾ ബിജെപിക്കാർ വരെ ഓട്ടമായിരുന്നു. കോൺഗ്രസുകാരും കമ്യൂണിസ്റ്റുകളും ഛത്തീസ്ഗഢിലേക്ക് കത്തിച്ചുവിടുകയായിരുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളും സംവാദങ്ങളും കണ്ടാൽ മൂന്നാം ലോകമഹായുദ്ധം നടക്കുകയാണെന്നു തോന്നും.

ശിവഗിരിമഠത്തിനു നേരെ അതിക്രമമുണ്ടായപ്പോൾ ഒരാളെയും കണ്ടില്ല. സമുദായത്തിന്റെ വോട്ടിനു വിലയുണ്ടെന്നു തെളിയിക്കണം. വേലികെട്ടിയാൽ പോരാ. ഉണ്ണാനും കഴിയണമെന്നും വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിൽ മുസ്ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ് നിലമ്പൂരിൽ പ്രസംഗിച്ചത്. തന്റെ സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങളാണ് ചോദിച്ചത്. ഇതു പറഞ്ഞപ്പോൾ മതവിദ്വേഷം പടർത്തുന്നയാളാക്കി.

Read more

ക്ഷേത്രപ്രവേശനവും സംവരണവും നേടിയെടുത്തതുപോലെ, അവകാശങ്ങൾ നേടിയെടുക്കാൻ കൂട്ടായ പരിശ്രമം വേണം. രാഷ്ട്രീയ തടവറയിൽ കിടക്കാതെ പോരാടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂർ യൂണിയൻ സംഘടിപ്പിച്ച ശാഖാ നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വെള്ളാപ്പള്ളി.