ട്വിന്റി ട്വിന്റി - എ.എ.പി വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കും: വി.ഡി സതീശന്‍

 

 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും പിന്തുണക്കേണ്ടതില്ലന്ന ട്വിന്റി ട്വിന്റി – എ എ പി സഖ്യത്തിന്റെ നിലപാട് യു ഡി എഫിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്‍പ് ട്വന്റി ട്വന്റിക്കും എഎപിക്കും വോട്ടുചെയ്തവര്‍ ഇത്തവണ യു ഡി എഫിന്് വോട്ട് ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.

 

ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തകനെ മാര്‍ക്സിസ്റ്റുകാര്‍ തല്ലിക്കൊന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അപ്പോള്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്യാന്‍ പറയാന്‍ അവര്‍ക്ക് പറ്റുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അവരുടെ സ്ഥാപനത്തെ പൂട്ടിക്കാന്‍ കുന്നത്തുനാട് എംഎല്‍എയെ ഉപകരണമാക്കി മാറ്റി. കേരളത്തില്‍ തുടങ്ങാനിരുന്ന വ്യവസായ സ്ഥാപനം തെലങ്കാനയില്‍ പോയി തുടങ്ങുന്ന സാഹചര്യമുണ്ടായി. അതിന് ഉത്തരം പറയേണ്ടത് വ്യവസായവകുപ്പും സംസ്ഥാന സര്‍ക്കാരുമാണ്.

ഒരു കാരണവശാലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവും പൂട്ടാന്‍ പാടില്ലെന്ന നിലപാടാണ് ഞങ്ങള്‍ എടുത്തിട്ടുള്ളത്. അതുകൊണ്ട് ട്വന്റി ട്വന്റി-എഎപി സഖ്യത്തിന്റെ നിലപാട് യുഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ല. അത് ഗുണകരമായി മാറും. മുന്‍പ് അവര്‍ക്ക് വോട്ട് ചെയ്ത എല്ലാവരും തങ്ങള്‍ക്ക് ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.