ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടിപി വധത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത സിപിഎം നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന ഭയമാണ് സർക്കാരിന്. അതുകൊണ്ടാണ് സുനി ചോദിക്കുന്ന സൗകര്യങ്ങൾ കേരളത്തെ മുഴുവൻ അപമാനിച്ച് സർക്കാർ നൽകുന്നതെന്ന് സതീശൻ പറഞ്ഞു.
‘തന്തൂരി ചിക്കൻ, ലേറ്റസ്റ്റ് സ്‌മാർട്ട് ഫോൺ…ഇനി സർക്കാരിനോട് ഒന്നേ പറയാനുള്ളൂ, ചൂട് കാലമൊക്കെ അല്ലേ കൊടിസുനിയുടെ മുറി ഒന്ന് എയർകണ്ടീഷൻ കൂടി ചെയ്‌ത് കൊടുക്കണം. ടിപി വധത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത സിപിഎം നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന ഭയമാണ് സർക്കാരിന്. അതുകൊണ്ടാണ് സുനി ചോദിക്കുന്ന സൗകര്യങ്ങൾ കേരളത്തെ മുഴുവൻ അപമാനിച്ച് സർക്കാർ നൽകുന്നത്’.
തലശ്ശേരിയിലെ ഹോട്ടലിൻ്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ മദ്യപിക്കാൻ അവസരമൊരുക്കുകയായിരുന്നു.
Read more
സംഘത്തിൽ ടിപി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജുമുണ്ടായിരുന്നു. പ്രതികൾക്ക് അകമ്പടി പോയ എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്‌ണു എന്നിവരെ മദ്യപാനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സസ്പെൻഡ് ചെയ്തിരുന്നു.







