ഗവര്‍ണറും സൗന്ദര്യപ്പിണക്കം ഇടനിലക്കാര്‍ വഴി തീര്‍ത്തു, ലോകായുക്ത ഇനി കുരയ്ക്കും; കടിക്കില്ലെന്ന് ഉറപ്പാക്കി: പരിഹസിച്ച് സതീശന്‍

ഗവര്‍ണര്‍ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചതോടെ കേരളത്തില്‍ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്ക് ഇനി പേടിക്കേണ്ട അഴിമതിക്ക് വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രിയായി മാറി.

നടന്നത് ഒത്തുതീര്‍പ്പാണ്, ഗവര്‍ണറും മുഖ്യമന്ത്രിയും കൂടി നിയമസഭയെ അവഹേളിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയുമായുള്ള സൗന്ദര്യപ്പിണക്കം ഇടനിലക്കാര്‍ വഴി തീര്‍ത്തു. അഴിമതിക്ക് വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രിയായി പിണറായി മാറി. ലോകായുക്ത ഇനി കുരയ്ക്കും, കടിക്കില്ലെന്ന് ഉറപ്പു വരുത്തിയെന്നും വി.ഡി.സതീശന്‍ പരിഹസിച്ചു.

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം.

Read more

വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചതിന് പിന്നാലെയാണ് ലോകായുക്ത നിയമഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.