ബി.ജെ.പിയില്‍ ചേര്‍ന്നപ്പോഴേയ്ക്കും നിലപാടില്‍ മലക്കംമറിഞ്ഞ് വടക്കന്‍; 'അന്ന് പറഞ്ഞത് തന്റെ അഭിപ്രായമല്ല, ഇതാണ് എന്റെ നിലപാട്'

നിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ചെയ്ത കുറ്റങ്ങളെല്ലാം മായുമെന്നും ബിജെപി നുണകളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് നടത്തുന്നതെന്നും അടക്കമുള്ള പ്രസ്താവനകള്‍ നടത്തിയിരുന്ന എഐസിസി വക്താവായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നപ്പോഴേക്ക് നിലപാടില്‍ മലക്കം മറിഞ്ഞു. നിലപാടുകളിലെ ഉറപ്പില്ലായ്മയ്ക്ക് വന്‍ വിമര്‍ശനമേറ്റു വാങ്ങുന്ന നരേന്ദ്ര മോദിയും ശ്രീധരന്‍ പിള്ളയുമുള്‍പ്പടെയുള്ളവരുടെ പാര്‍ട്ടിയിലേക്ക് മാറിയതിന് തൊട്ടു പിന്നാലെയാണ് ടോം വടക്കനും തന്റെ നിലപാടുകള്‍ തന്റേതായിരുന്നില്ലെന്ന പ്രസ്താവന നടത്തിയത്.

കോണ്‍ഗ്രസിലായിരിക്കുമ്പോള്‍ പറയുന്ന അഭിപ്രായം തന്റേതായിരുന്നില്ല. അത് കോണ്‍ഗ്രസിന്റേതായിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ലെന്നും ബിജെപിയില്‍ ചേര്‍ന്നതിനെ ന്യായീകരിച്ച് വടക്കന്‍ പ്രസ്താവിച്ചു. എഐസിസിയുടെ വക്താവായിരിക്കുമ്പോള്‍ ആ പാര്‍ട്ടിയുടെ നിലപാടാണ് പറയുക. സ്വന്തം താത്പര്യത്തിന് അവിടെ പ്രസക്തിയില്ലെന്നും വടക്കന്‍ പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് തന്നെ സങ്കടപ്പെടുത്തിയതാണ് ബിജെപിയിലേക്ക് പെട്ടെന്നുള്ള മാറ്റത്തിനു കാരണം. പുല്‍വാമ ആക്രമണം കേന്ദ്രത്തിന്റെ ഇന്റലിജന്‍സ് പരാജയമാണെന്നടക്കമുള്ള ആരോപണങ്ങള്‍ മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരുന്നല്ലോ എന്ന ചോദ്യത്തിന് അതും പാര്‍ട്ടി നിലപാട് മാത്രമായിരുന്നുവെന്നാണ് മറുപടി പറഞ്ഞത്.

നിങ്ങള്‍ ഒരിക്കല്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ എല്ലാ കുറ്റകൃത്യങ്ങളും മായുമെന്നായിരുന്നു ടോം വടക്കന്റെ പഴയ ട്വീറ്റ്.
യുപിയിലെ ജനങ്ങള്‍ക്ക് ബിജെപി എംഎല്‍എമാരുടെയും എംപിമാരുടെയും നുണകളെയും രണ്ടു തരത്തിലുള്ള ഉപയോഗത്തെ കുറിച്ചും ബോധ്യമുണ്ട്. നുണകളുടെ സര്‍ജിക്കല്‍ സ്ട്രൈക്കാണ് ബിജെപിയില്‍ നടക്കുന്നതെന്നും മുമ്പ് ടോം വടക്കന്‍ ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് ടിക്കറ്റില്‍ കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ ടോം വടക്കന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ ഇതിന് സാധിച്ചില്ല.

മറ്റൊരു തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലാണ് ടോം വടക്കന്‍ ബിജെപിയിലേക്ക് ചേക്കറുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. ഇത്തവണയും കോണ്‍ഗ്രസില്‍ നിന്നും സീറ്റ് കിട്ടാത്ത സാഹചര്യത്തില്‍ ബിജെപിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനുള്ള നീക്കമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമീപനത്തില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും കോണ്‍ഗ്രസിന് നേതാവ് ആരാണെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു. വിശ്വാസത്തിലെടുത്ത ബിജെപി അധ്യക്ഷന്‍ അമിത്ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനുള്ള മറുപടി രാജ്യം മുഴുവന്‍ നല്‍കി കൊണ്ടിരിക്കുകയാണെന്നും ബിജെപിയില്‍ ചേര്‍ന്ന ശേഷം ടോം വടക്കന്‍ പറഞ്ഞു.

കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നു കൂടി ആരോപിച്ചാണ് സോണിയാ ഗാന്ധിയുടെ അടുത്ത അനുയായി കൂടിയായിരുന്ന ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ടത്.