വി. ശിവന്‍കുട്ടിയുടെ 'വി' വാചകമടിയുടേത്; നിയമസഭ തല്ലിത്തകര്‍ത്തവര്‍ക്ക് വി.മുരളീധരനെ അപമാനിക്കാന്‍ എന്ത് യോഗ്യതയെന്ന് കെ സുരേന്ദ്രന്‍

 

കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കേരളത്തിന്റെ നിയമസഭ തല്ലിത്തകര്‍ത്ത മന്തി വി. മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണ്.

പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നിന്ന് തടിയൂരാന്‍ പൊതുഖജനാവിലെ പണം കൊണ്ട് കേസ് നടത്തിയ ശിവന്‍കുട്ടിക്ക് മുരളീധരനെ അപമാനിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സുരന്ദ്രന്‍ ചോദിച്ചു.

പിണറായി വിജയനും ശിവന്‍കുട്ടിക്കും കീശ വീര്‍പ്പിക്കാനുള്ള ഉപാധിയല്ല വികസനം. കോടിക്കണക്കിന് രൂപയുടെ അഴിമതി ലക്ഷ്യം വച്ച് ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം വി മുരളീധരന്‍ പ്രതിരോധിച്ചതാണ് അദ്ദേഹത്തോടുള്ള അസഹിഷ്ണുതക്ക് കാരണമെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.

മന്ത്രി വി. ശിവന്‍കുട്ടിയുടെ ഇനീഷ്യലിലെ വി വാചകമടിയെന്നാണ്. വാചക കസര്‍ത്തും ഗുണ്ടായിസവുമാണ് ശിവന്‍കുട്ടിയുടെ കൈമുതല്‍ എന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഉക്രൈനില്‍ കുടുങ്ങിയ ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ വേണ്ട നേതൃത്വം നല്‍കിയത് വിദേശകാര്യ സഹമന്ത്രിയായ വി. മുരളീധരനാണ്. കോവിഡ് പ്രതിസന്ധിക്കാലത്ത് വന്ദേഭാരത് മിഷനിലൂടെ വിദേശത്തുള്ള മലയാളികളെ സുരക്ഷിതരായി എത്തിച്ചു. ഈ സാഹചര്യങ്ങളില്‍ അനങ്ങാതിരുന്ന കേരളത്തിലെ മന്ത്രിമാര്‍ മുരളീധരനെതിരെ പറഞ്ഞാല്‍ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര മന്ത്രി എന്ന നിലയില്‍ ഒരു മൊട്ടുസൂചിയുടെ പ്രയോജനം പോലും കേരളത്തിന് വേണ്ടി വി മുരളീധരന്‍ ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം വി ശിവന്‍ കുട്ടി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരന്ദ്‌രന്റെ ആരോപണം.