വിഎസ് എന്ന രണ്ടക്ഷരം, മരണമില്ലാത്ത പോരാട്ട ചരിത്രം; കേരളത്തിന്റെ സമര യൗവനം മറഞ്ഞു; വിഎസിന് വിട

തല നരക്കുന്നതല്ലെൻ വൃദ്ധത്വം
തല നരക്കാത്തതല്ലെൻ യുവത്വവും
കൊടിയ ദുഷ്പ്രഭുത്വത്തിനു മുന്നിൽ
തലകുനിക്കാത്തതാണെൻ യൗവ്വനം… യൗവ്വനം…

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഒരുമാസത്തോളമായി തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു വി എസ് അച്യുതാനന്ദൻ. ഇന്ന് ഉച്ചകഴിഞ്ഞതോടെ വിഎസിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് വിഎസിന്റെ നില ഗുരുതരമായത്. എസ്‌യുടിയിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയായിരുന്നു. തിരുവനന്തപുരം എസ്യുടി ആശപുത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ നില അതീവഗുരുതരമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വിഎസിനെ കാണാന്‍ ആശുപത്രിയിലെത്തി. മെഡിക്കല്‍ ബോര്‍ഡുമായി ചര്‍ച്ച നടത്തി. ജൂൺ 23നാണ് ആരോഗ്യനില മോശമായതോടെ വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1923 ഒക്‌ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ ദമ്പതികളുടെ മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ ജനനം. നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട അച്യുതാനന്ദന് ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സമരം തന്നെയായിരുന്നു ജീവിതം. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന് സ്വതന്ത്ര്യസമരത്തിൻറെ ഭാഗമായി. 1940ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.

പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുത്ത വിഎസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചു. മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ചത്. എന്നാൽ അവിടെനിന്ന് കേരളത്തിന്റെ സമരചരിത്രത്തിലെ ഉജ്ജ്വല അധ്യായം തുടങ്ങുകയായിരുന്നു. 1964 ൽ പാർട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 പേരിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ.

Read more

1980 മുതൽ 1992 വരെ തുടർച്ചയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. 1985ൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായി. 1967ൽ അമ്പലപ്പുഴയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1970ൽ ജയം ആവ‍ർത്തിച്ചെങ്കിലും 77ൽ പരാജയമറിഞ്ഞു. 1991ൽ മാരാരിക്കുളത്ത് നിന്ന് നിയമസഭയിലേക്ക് തിരിച്ചെത്തി. എന്നാൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. 2001ൽ മലമ്പുഴയിലേക്ക് തട്ടകം മാറിയ വിഎസ് പിന്നീട് പരാജയം അറിഞ്ഞിട്ടില്ല. 2001-2006, 2011-2016 കാലയളവിൽ പ്രതിപക്ഷനേതാവായി. 2016ൽ കേരളത്തിൻ്റെ 20-ാമത് മുഖ്യമന്ത്രിയായി. 2016 ഓഗസ്റ്റ് 9 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായും പ്രവർത്തിച്ചു.