പാര്‍ട്ടി ചിഹ്നത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി തന്നെ; പുതുപ്പള്ളിയിൽ സ്വതന്ത്രനെന്ന വാർത്തകൾ തള്ളി വിഎൻ വാസവൻ

കേരളം ഉറ്റുനോക്കുന്ന ഉപ തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി ആരെന്നാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സ്വതന്ത്രൻ വരുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ആ വാർത്തകളെ നിഷേധിക്കുകയാണ് സിപിഎം.

വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി വി എന്‍ വാസവന്‍. പുതുപ്പള്ളിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി തന്നെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്ന് വാസവൻ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കുമെന്നത് അഭ്യൂഹം മാത്രമാണ്. ഒരു കോണ്‍ഗ്രസ് നേതാക്കളുമായും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

മത്സരിക്കാന്‍ യോഗ്യതയുള്ള ഒട്ടേറെ നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടിയിലുണ്ട്. സ്ഥാനാര്‍ത്ഥി ആരെന്ന് നേതൃയോഗം ചര്‍ച്ച ചെയ്യുമെന്നും പിന്നീട് തീരുമാനം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉമ്മൻചാണ്ടി 53 വർഷം പ്രതിനിധീകരിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനെയാണ് കോൺഗ്രസ് പകരം പരിഗണിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ജനകീയത ചാണ്ടി ഉമ്മന് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.