'ശബരിമല സ്ത്രീ പ്രവേശം സുപ്രിംകോടതിയുടെ പരിഗണനയില്‍; നിയമ നിര്‍മാണത്തിന് പരിമിതിയുണ്ട്'; കടകംപള്ളിക്ക് അറിഞ്ഞുകൂടെയെന്ന് മുരളീധരന്‍

ശബരിമലയിലെ നിയമനിർമ്മാണത്തെക്കുറിച്ച് മോദി മിണ്ടാതിരുന്നത് എന്തു കൊണ്ടാണെന്ന കടകംപളളി സുരേന്ദ്രൻറെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ശബരിമല സ്ത്രീ പ്രവേശം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും നിയമനിര്‍മാണത്തിന് പരിമിതിയുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു. ഇക്കാര്യം കടകംപള്ളിക്ക് അറിഞ്ഞുകൂടെയെന്ന് മുരളീധരന്‍ ചോദിച്ചു.

കടകംപള്ളി സുരേന്ദ്രന്‍ ചെയ്തത് ജനങ്ങള്‍ക്ക് അറിയാം. തിരഞ്ഞെടുപ്പായപ്പോള്‍ മന്ത്രി കടകം മറിഞ്ഞതാണെന്നും മുരളീധരന്‍ പറഞ്ഞു. കടകംപള്ളി പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുരളീധരന്‍.

പ്രധാനമന്ത്രിയെ സംസ്ഥാന ബിജെപി നേതൃത്വവും കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും തെറ്റിദ്ധരിപ്പിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. 2019ല്‍ പ്രധാനമന്ത്രി ശബരിമലയില്‍ ആചാരസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് തിരുവനന്തപുരത്ത് വച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒട്ടേറെ നിയമങ്ങള്‍ കൊണ്ടുവന്നിട്ടും ശബരിമലയില്‍ മാത്രം നിയമനിര്‍മാണം നടന്നില്ല. സുപ്രിംകോടതി വിധി എല്ലാവരുമായി ചര്‍ച്ച ചെയ്‌തേ തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട ദേവസ്വംമന്ത്രി വിശ്വാസികള്‍ക്കെതിരായ നീക്കങ്ങളുടെ ബുദ്ധികേന്ദ്രമായെന്ന് നരേന്ദ്രമോദി പറഞ്ഞു. വിശ്വാസികളെ ലാത്തിച്ചാര്‍ജ് ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് തിരുവനന്തപുരത്തെ ഒരു മന്ത്രിയെന്ന് പേരു പറയാതെയായിരുന്നു വിമര്‍ശനം.