ഉമ്മന്‍ചാണ്ടിയുടെ മാതൃക പിന്തുടരാൻ രമേശ് ചെന്നിത്തല, നേതൃപദവിയിൽ നിന്ന് മാറി നിന്നേക്കും; വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകാന്‍ സാദ്ധ്യത

നിയമസഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയം നേരിട്ടതോടെ കോൺഗ്രസിൽ തലമുറ മാറ്റം ഉറപ്പായി. 2016-ല്‍ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മന്‍ചാണ്ടിയുടെ മാതൃക രമേശ് ചെന്നിത്തലയും പിന്തുടരാനാണ്‌ സാദ്ധ്യത. ഇടതുകോട്ടയായ പറവൂരില്‍ നിന്ന് നാല് തവണ തുടര്‍ച്ചയായി ജയിച്ച വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി വരാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ രമേശ് ചെന്നിത്തലയുടെ പൂർണപിന്തുണയും വി.ഡി സതീശന് ഉണ്ടാകും.

പിണറായിയെ ജനം വീണ്ടും തിരഞ്ഞെടുത്തു എന്ന ജനവിധിയില്‍ രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവില്‍ ജനങ്ങളുടെ അവിശ്വാസവുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അടക്കം പറയുന്നുണ്ട്. അംഗബലം കൂടിയ ഭരണപക്ഷത്തെയാണ് ഇനി പ്രതിപക്ഷത്തിന് സഭയില്‍ നേരിടേണ്ടത്‌. 21 കോണ്‍ഗ്രസ് എം.എല്‍എമാരില്‍ 10 പേരും ഐ ഗ്രൂപ്പുകാരാണ്. മുതിര്‍ന്ന നേതാക്കളില്‍ പ്രതിപക്ഷ നേതാവായി പരിഗണിക്കാന്‍ സാദ്ധ്യതയുള്ള മറ്റ് രണ്ട് പേരുകള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസുമാണ്. ഇതില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞാല്‍ സീനിയര്‍ തിരുവഞ്ചൂര്‍ തന്നെയാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ മികവോടെ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവും സ്വീകാര്യതയും താരതമ്യേന ചെറുപ്പവും സതീശന്‌ അനുകൂല ഘടകങ്ങളാണ്. സുധീരന്‍ പാര്‍ട്ടി അദ്ധ്യക്ഷനായിരിക്കെ മുമ്പ് സതീശന്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റായത് രാഹുല്‍ ഗാന്ധിയുടെ നോമിനി ആയിട്ടായിരുന്നു.