വി. ഡി സതീശനും കെ. സുധാകരനും സംഘപരിവാറിനോടും ബിജെപിയോടുമാണ് ആഭിമുഖ്യം: കെ. വി അബ്ദുള്‍ ഖാദര്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും സംഘപരിവാറിനോടും ബിജെപിയോടുമാണ് ആഭിമുഖ്യമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി അബ്ദുള്‍ ഖാദര്‍. കഴിഞ്ഞ നാളുകളില്‍ കെ സുധാകരന്‍ ബിജെപിയ്‌ക്കെതിരെ ഒരു വാക്ക് മിണ്ടിയിട്ടുണ്ടോയെന്ന് നോക്കൂവെന്നും സൗത്ത് ലൈവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കെവി അബ്ദുള്‍ ഖാദര്‍ ചോദിക്കുന്നു.

കെവി അബ്ദുള്‍ ഖാദര്‍ സൗത്ത് ലൈവിനോട് പറഞ്ഞതിങ്ങനെ:

“കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ നടത്തിയ പ്രസ്താവനകളിൽ ഒരെണ്ണം പോലും കേന്ദ്ര ഗവണ്മെന്റ് നയത്തിനെതിരെ വന്നിട്ടില്ല. എന്തുകൊണ്ടാണതെന്ന് കോൺഗ്രസ്സുകാർ പോലും ചോദിക്കുന്ന ചോദ്യമാണ്. കോൺഗ്രസ്സിന്റെ സംസ്ഥാന നേതൃത്വം പ്രതിപക്ഷ നേതാവുൾപ്പെടെ ശക്തമായൊരു നിലപാട് ബിജെപിക്കെതിരെ സ്വീകരിക്കാത്തത് എന്ന് ചോദിക്കുമ്പോൾ അങ്ങനെ ചോദിക്കുന്നവരുടെ മെക്കട്ട് കേറലാണ് ഇവിടെ സ്ഥിരം നടക്കുന്നത്.”

“രാജ്യത്തിന്റെ താത്പര്യം ഇന്ന് അധികാരത്തിലുള്ള ശക്തിയെ താഴെയിറക്കുക എന്നതാണ്. നമ്മുടെ ജനാധിപത്യം, മതേതരത്വം, ഫെഡലറിസം എന്നിവയെല്ലാം അപകടത്തിലാണ്. അതുകൊണ്ട് തന്നെ ഫാസിസ്റ്റുകൾ അല്ലാത്ത, വർഗ്ഗീയ വാദികൾ അല്ലാത്ത, മത നിരപേക്ഷ ശക്തികൾ അധികാരത്തിൽ വരണമെന്നുള്ളത് സിപിഐഎം മുന്നോട്ട് വെച്ച കാര്യമാണ്. ദേശീയ തലത്തിൽ തീർച്ചയായും കോൺഗ്രസ്സിന് അതിൽ പങ്കുണ്ട്, പക്ഷേ കേരളത്തിലേക്ക് വരുമ്പോൾ ആ നിലപാടിൽ അവർ തന്നെ വെള്ളം ചേർക്കുന്നു.”

“ഇലക്ടറൽ ബോണ്ട് വാങ്ങിക്കുന്ന കാര്യത്തിലും മറിച്ചല്ല. 8000 കോടി രൂപ ബിജെപി വാങ്ങിക്കുമ്പോൾ 1000 കോടിയലധികം രൂപ കോൺഗ്രസ്സും കൈപ്പറ്റുന്നു. ഇത്തരം വലതുപക്ഷ നിലപാട് കോൺഗ്രസ്സിനെ സ്വയം ചതിക്കുഴിയിൽ ചാടിക്കും. ഇടതുപക്ഷം തീർച്ചയായും അവരുടെ വ്യതിചലനം ചൂണ്ടികാണിക്കും.”