ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വീണ്ടും വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയതെന്നാണ് കടകംപള്ളിയുടെ വിശദീകരണം. സന്ദർശന വേളയിൽ പോറ്റിയിൽ നിന്നും യാതൊരുവിധ സമ്മാനങ്ങളും താൻ കൈപ്പറ്റിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ. ഗൺമാനും ഒപ്പമാണ് ഒരിക്കല്‍ പോറ്റിയുടെ വീട്ടില്‍ പോയത്. ഒരു പരിപാടിക്ക് പങ്കെടുക്കാനാണ് പോയത്. കുട്ടിയുടെ പരിപാടി എന്ന് ഇന്നലെ പറഞ്ഞത് പിശക് പറ്റിയതാണെന്നും പോറ്റിയുടെ അച്ഛൻ്റെ എന്തോ ചടങ്ങിലാണ് പോയതെന്നും കടകംപള്ളി ഇന്ന് തിരുത്തി.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയാ ഗാന്ധിയുടെ ബന്ധം പറഞ്ഞ് ഭരണപക്ഷം നിയമസഭയില്‍ പ്രതിരോധമൊരുക്കുന്നതിനിടെ, വ്യത്യസ്ത നിലപാടുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. കളങ്കിതനായ വ്യക്തിയെ സോണിയാഗാന്ധി വീട്ടില്‍ കയറ്റുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് പ്രതികരണം. താന്‍ പോറ്റിയുമായി നില്‍ക്കുന്ന ചിത്രം പങ്കുവയ്ക്കുമ്പോള്‍ എതിര്‍ചിത്രങ്ങള്‍ വരുന്നത് സ്വാഭാവികമെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണവും, നിയമസഭയ്ക്ക് മുന്നില്‍ പിന്നീട് നടത്തിയ വിശദീകരണവും.







