ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. പത്മകുമാറിനെതിരെ കൂടുതൽ മൊഴികൾ എസ്ഐടിക്ക് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ പദ്മകുമാർ നിർബന്ധിച്ചുവെന്നും പൂജകൾ ബുക്ക് ചെയ്യുമ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നുമാണ് മൊഴി.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ പത്മകുമാർ നിർബന്ധിച്ചിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. ശബരിമല ഗസ്റ്റ് ഹൗസുകളിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നിലധികം മുറികൾ നൽകിയിരുന്നുവെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി. പോറ്റി ഉപയോഗിച്ചിരുന്നത് പ്രസിഡണ്ടിന് അനുവദിച്ചിരുന്ന മുറിയായിരുന്നു. അതേസമയം പൂജകൾ ബുക്ക് ചെയ്യുമ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു എന്ന് 2019 ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ മൊഴി നൽകി.
സന്നിധാനത്ത് നട അടച്ചിടുന്ന സമയത്ത് പോലും ഉണ്ണികൃഷ്ണൻ പോറ്റി എത്തിയെന്നും ശബരിമലയിലെ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. പ്രത്യേക അന്വേഷണസംഘം ഇന്നലെ ഉച്ചയോടെ സന്നിധാനത്ത് എത്തിയിരുന്നു. എസ് പി ശശിധരനും സംഘവുമാണ് എത്തിയത്. ശ്രീകോവിലിലെ ദ്വാരപാലക പാളി , കട്ടിളപ്പാളി എന്നിവയുടെ സാംപിൾ ശേഖരിക്കും.







