ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവി ഡിജിറ്റല്‍ വിഭാഗം തലവന്‍; ചാനല്‍ പുതിയ വ്യവസായ ഗ്രൂപ്പ് ഏറ്റെടുത്തതിന്റെ ഭാഗമായുള്ള അഴിച്ചുപണി ആരംഭിച്ചു

റിപ്പോര്‍ട്ടര്‍ ടിവി പുതിയ വ്യവസായ ഗ്രൂപ്പ് ഏറ്റെടുത്തതിന്റെ ഭാഗമായുള്ള നിയമനങ്ങള്‍ ചാനലില്‍ ആരംഭിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവി ഡിജിറ്റല്‍ വിഭാഗം ഹെഡായി ഇന്നു നിയമിച്ചു.
രാവിലെ റിപ്പോര്‍ട്ടര്‍ ടിവി കൊച്ചി ഓഫീസിലെത്തിയാണ് ഉണ്ണി ബാലകൃഷ്ണന്‍ ചുമതലയേറ്റത്. ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃഭൂമി ന്യൂസില്‍ ചീഫ് ഓഫ് ന്യൂസ് ചുമതല വഹിച്ചിരുന്നു.

ന്യൂഡല്‍ഹി കേന്ദ്രമായുള്ള വ്യവസായ ഗ്രൂപ്പാണ് റിപ്പോര്‍ട്ടര്‍ ടിവി ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചാനലില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ആദ്യഭാഗമായാണ് ഉണ്ണിയുടെ നിമനം. കേരളത്തില്‍ നിന്നുള്ള മാഗോ ഗ്രൂപ്പാണ് ചാനലിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം വെച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടിവി ഡിജിറ്റല്‍ വിഭാഗം ഹെഡായി ചുമതലയേറ്റ് ഉണ്ണി 1994ല്‍ കലാകൗമുദിയില്‍ സബ് എഡിറ്ററായിട്ടാണ് മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. 1996ല്‍ ഏഷ്യാനെറ്റില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാറി. 1998ല്‍ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ ഡല്‍ഹി ബ്യൂറോയിലേക്ക് മാറി.

ബ്യൂറോ ചീഫ്, റീജിയണല്‍ എഡിറ്റര്‍ എന്നീ നിലകളില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു. കാണ്ഡഹാര്‍ വിമാന ഹൈജാക്കിംഗ്, കാര്‍ഗില്‍ യുദ്ധം, ഡല്‍ഹി ബോംബ് സ്ഫോടനങ്ങള്‍, മുംബൈ ഭീകരാക്രമണം, പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാന സംഭവവികാസങ്ങള്‍ 1998 മുതല്‍ 2010 വരെ ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2002ല്‍ പ്രധാനമന്ത്രിയായിരുന്ന വാജ് പേയിയുടെ ഇസ്ലാമാബാദ് സന്ദര്‍ശന സംഘത്തില്‍ അംഗമായിരുന്നു.