ലഹരി ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സത്യവാങ്മൂലം നല്‍കണം; വിചിത്ര സര്‍ക്കുലര്‍ ഇറക്കി കാലിക്കറ്റ് സര്‍വകലാശാല

ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സത്യവാങ്മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കി കാലിക്കറ്റ് സര്‍വകലാശാല. 2020-21 അധ്യയന വര്‍ഷം മുതല്‍ അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മദ്യമോ ലഹരിയോ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ പ്രവേശം ലഭിക്കൂ എന്നാണ് ഉത്തരവിലുള്ളത്.ഫെബ്രുവരി 27-നാണ് സര്‍ക്കുലര്‍ കാലിക്കറ്റ് സര്‍വകലാശാല പുറത്തിറക്കിയിരിക്കുന്നത്.

പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ഇനി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന എയ്ഡഡ് കോളജുകളിലും സ്വാശ്രയ കോളജുകളിലും പ്രവേശനം നേടണമെങ്കില് വിദ്യാര്‍ത്ഥിയോ രക്ഷിതാവോ ഒരു തരത്തിലുമുള്ള ലഹരിയും ഉപയോഗിക്കുന്നില്ല എന്ന് സത്യവാങ്മൂലം നല്‍കണം. മാത്രമല്ല ഇത്തരം പ്രവൃത്തികള്‍ ചെയ്താല്‍ അതിനുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും എഴുതി നല്‍കണമെന്നും അസിസ്റ്റന്റ് രജിസ്ട്രാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ലഹരിവിരുദ്ധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ലഹരിവിരുദ്ധ സമിതി യോഗം ചേര്‍ന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം ഡീന്‍ ഇത്തരത്തിലുള്ള ഒരു സര്‍ക്കുലര്‍ എല്ലാ കോളജുകളിലേയും പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇമെയില്‍ ചെയ്തത്.

അതേസമയം സര്‍ക്കുലര്‍ ഇറങ്ങിയത് അറിവോടെയല്ലെന്നാണ് രജിസ്ട്രാറുടെ വിശദീകരണം. മദ്യവിരുദ്ധ കമ്മിറ്റിയില്‍ രജിസ്ട്രാര്‍ അംഗമല്ല, അതുകൊണ്ടു തന്നെ ഏത് സാഹചര്യത്തിലാണ് സര്‍ക്കുലര്‍ ഇറങ്ങിയതെന്ന് അറിയില്ലെന്നും രജിസ്ട്രാര്‍ പറയുന്നു. ലഹരി വിരുദ്ധ കമ്മിറ്റിയുടെ പല ശിപാര്‍ശകളില്‍ ഒന്ന് മാത്രമാണ് ഇത് , അതൊരു നിര്‍ദ്ദേശം മാത്രമാണ്. സിന്‍ഡിക്കേറ്റ് അടക്കമുള്ള സമിതികള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും രജിസ്റ്റര്‍ പറയുന്നു,

പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് പറയാമെങ്കിലും രക്ഷിതാക്കളുടെ കയ്യില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങുന്നത് എന്തിനെന്ന ചോദ്യം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്.