ധനമന്ത്രിയുടെ ഭര്‍ത്താവിന്റെ 'കൂട്ടുകെട്ടുകളില്‍' കേന്ദ്രത്തിന് സംശയം; കണ്ണൂരിലെ  പരിപാടികളെക്കുറിച്ച് വിവരങ്ങള്‍ തേടി; പരകാല പ്രഭാകരന് കനത്ത സുരക്ഷ നല്‍കാന്‍ നിര്‍ദേശം

കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും രാഷ്ട്രീയ- സാമ്പത്തിക വിദഗ്ധനുമായ ഡോ. പരകാല പ്രഭാകരന്റെ കൂട്ടുകെട്ടുകളില്‍ കേന്ദ്ര സര്‍ക്കാരിന് സംശയം. അദേഹം പങ്കെടുക്കുന്ന പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ ശേഖരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. അദേഹം കണ്ണൂരില്‍ അടക്കം പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചാണ് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ വിവരങ്ങള്‍ തേടിയിരിക്കുന്നത്. .

കണ്ണൂരിലെത്തുന്ന പരകാല പ്രഭാകരന്‍ സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നാളെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സേവ് പബ്ലിക് സെക്ടര്‍ ഫോറം ജില്ലാ കണ്‍വന്‍ഷനില്‍ ‘വര്‍ത്തമാനകാല ഇന്ത്യ, ആവര്‍ത്തിക്കുന്ന നുണക്കഥകള്‍, പറയാത്ത സത്യങ്ങള്‍’ എന്ന വിഷയത്തിലാണു പരകാല പ്രഭാകരന്‍ പ്രഭാഷണം നടത്തുക.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ. പി.കെ. ബിജുവാണു സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത്. ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക്, പോസ്റ്റല്‍, പെന്‍ഷന്‍കാര്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സെമിനാര്‍ നടത്തുന്നത്. ഇതില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ അടക്കമാണ് ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചിരിക്കുന്നത്.

മോദിക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ഡോ. പരകാല പ്രഭാകറിനു കനത്ത സുരക്ഷ ഒരുക്കാനാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. . അടുത്തിടെ പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ ‘ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ; എസെയ്‌സ് ഓണ്‍ എ റിപ്പബ്ലിക് ഇന്‍ ക്രൈസിസ്’ എന്ന പുസ്തകം മോദിക്കെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സമ്പദ് വ്യവസ്ഥയെയും മറ്റു കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി കഴിവുകെട്ടവനാണെന്നു ഡോ. പരകാല പ്രഭാകര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.

രാജ്യത്തിന്റെ ചിന്തയില്‍ നിന്ന് വര്‍ഗീയ വിഷം മാറാന്‍ 20 വര്‍ഷമെങ്കിലും എടുക്കുമെന്നും 2024-ല്‍ ഇതിനൊന്നും മാറ്റമുണ്ടാകില്ലെന്നും അദേഹം പറഞ്ഞിരുന്നു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഞങ്ങളും ഹിന്ദുക്കളാണെന്ന് പറയുന്ന തരത്തില്‍ നിര്‍ണായകമായ വഴിത്തിരിവിലാണ് ഇന്ത്യന്‍ രാഷ്ട്രീയം.

ഞങ്ങളും മതേതര ആശയങ്ങളെ പിന്തുടരുന്നവരാണെന്നാണ് മുമ്പ് ബിജെപിക്കാര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ മറ്റുരാഷ്ട്രീയപ്പാര്‍ട്ടികള്‍ ഞങ്ങള്‍ ഹിന്ദുക്കളാണെന്ന് പറയാന്‍ തുടങ്ങി. ഈ മാറ്റമാണ് രാജ്യത്ത് ബാബ്‌രി മസ്ജിദ് തകര്‍ന്നപ്പോഴും കലാപങ്ങള്‍ ഉണ്ടാകുന്‌പോഴും ആര്‍ക്കും വിഷമമില്ലാത്ത അവസ്ഥയ്ക്ക് പിന്നിലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ തങ്ങള്‍ മതേതരത്വം പിന്തുടരുന്നവരാണെന്ന് ബിജെപി പറയുന്നില്ല. ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ ഞങ്ങള്‍ക്കു കീഴില്‍ ജീവിക്കുകയെന്ന നിലപാടിലേക്ക് അവര്‍ മാറിക്കഴിഞ്ഞു. മുമ്പ് മറ്റുള്ളവരെ കാണിക്കുവാന്‍ അവര്‍ക്ക് ന്യൂനപക്ഷ പ്രതിനിധികള്‍ വേണമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ വേണ്ടെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഈ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുസ്ലീം മന്ത്രിമാര്‍ പോലുമില്ലാത്ത ക്യാബിനറ്റാണ് ഇപ്പോഴുള്ളത്. യു.പി, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് പോലും ബി.ജെ.പി. സീറ്റു നല്‍കിയിട്ടില്ലന്നും പറക്കാല പ്രഭാകര്‍ പറഞ്ഞിരുന്നു.