വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

വികസിത് ഭാരത് 2047 പ്രചാരണത്തിന് കേന്ദ്ര സര്‍വകലാശാലകളെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതി. ബുധനാഴ്ച ഡൽഹി സർവകലാശാല നടത്തുന്ന വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്കും, പരിപാടി വിജയിപ്പിക്കാൻ അധ്യാപകർക്കും കർശന നിർദേശമുണ്ട്. പരിപാടിയുടെ ആലോചന യോഗത്തിൽ നമോ ആപ്പിന്റെ ദേശീയ കൺവീനർ കുൽജീത് ചഹലും ചട്ടങ്ങൾ മറികടന്ന് പങ്കെടുത്തു.

നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരുപയോഗിക്കുക ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു. ഒന്നിലധികം പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സർവകലാശാലയിലെ അധ്യാപക സംഘടനകൾ നൽകിയിട്ടുണ്ട്. ഡൽഹി സർവകലാശാലയില്‍ മെയ് 8 ന് രാവിലെ 7 മണിക്ക് 5,000 ത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് രണ്ടര കിലോമീറ്റർ കൂട്ടയോട്ടം നടത്തുന്നതാണ് പരിപാടി.

ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാൻ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സർവകലാശാല രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു. എല്ലാ കോളേജുകളിൽ നിന്നും ഒരു അധ്യാപകനെ നോഡൽ ഓഫീസർ ആക്കി. 100 വിദ്യാർഥികളെ വീതം രജിസ്റ്റർ ചെയ്യാൻ നോഡൽ മാർക്ക് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. സർവകലാശാല ഈ തീരുമാനമെടുത്ത യോഗത്തിലേക്കാണ് നമോ ആപ്പിന്റെ ദേശീയ കൺവീനർ കുൽജീത് ചഹലും എത്തിയത്. അതേസമയം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എതിർപ്പും വിമർശനവും അവഗണിച്ച് മുന്നോട്ടുപോവുകയാണ് സർവകലാശാല.

ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 100 വർഷമാകുന്ന 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള മോദിയുടെ പദ്ധതിയാണ് വികസിത് ഭാരത് 2047. ചെങ്കോട്ടയിലെ കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് വികസിത് ഭാരത് 2047 മുദ്രാവാക്യം മോദി ആദ്യം ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ അടക്കം മോദി ഇത് ആവർത്തിക്കുന്നുണ്ട്. ഈ പ്രചാരണം നിലവിൽ ഡൽഹി സർവകലാശാല വഴി നടത്താനാണ് നീക്കം.