കിളിമാനൂരില്‍ വീണ്ടും അജ്ഞാതജീവി ആക്രമണം; ആടുകളെ കൊന്നത് ഉയരം കൂടിയ മതില്‍ കടന്നെത്തി

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം. പ്രദേശത്തെ നാല് ആടുകളെ കടിച്ചു കൊന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കിളിമാനൂര്‍ കടമ്പാട്ടുകോണത്തെ ആര്‍ ശശീന്ദ്രന്‍ പിള്ളയുടെ ആടുകളെയാണ് കടിച്ചു കൊന്നത്. മൂന്ന് ആട്ടിന്‍ കുട്ടികളും ഒരു വലിയ ആടുമാണ് ചത്തത്.

ബുധനാഴ്ച പുലര്‍ച്ചെ പാല്‍ കറക്കാന്‍ തൊഴുത്തിലെത്തിയപ്പോഴാണ് ആടുകളെ ചത്തനിലയില്‍ കണ്ടെത്തിയത്. 25000 രൂപയുടെ നഷ്ടമുണ്ടായതായാണ് സൂചന. ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടിയിട്ടുള്ള വീടിനോട് ചേര്‍ന്നുള്ള തൊഴുത്തിലാണ് ആടുകളെ കെട്ടിയിരുന്നത്. മതില്‍ ചാടിയെത്തിയാണ് അജ്ഞാതജീവി ആടുകളെ ആക്രമിച്ചത്.

വിവരം അറിഞ്ഞ് പാലോട് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൂച്ച വര്‍ഗത്തില്‍പ്പെട്ട വന്യജീവിയാണ് ആടുകളെ കൊന്നത് എന്നാണ് സംശയിക്കുന്നത്. വീടിന്റെ വരാന്തയില്‍ ജീവിയുടെ കാല്‍പ്പാട് പതിഞ്ഞിട്ടുണ്ട്. വേനല്‍ രൂക്ഷമായതോടെ ഇവയുടെ ആക്രമണം ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Read more

മാസങ്ങള്‍ക്ക് മുമ്പ് കിളിമാനൂരിലും സമീപ പ്രദേശങ്ങളിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് വനം വകുപ്പ് രാത്രികാല പട്രോളിംഗ് നടത്തുകയും ജീവിയെ പിടിക്കാന്‍ ക്യാമറയും കൂടുകളും സ്ഥാപിക്കുകയും ചെയ്‌തെങ്കിലും ഫലം ഉണ്ടായിരുന്നില്ല.