അനധികൃത കൊടിമരങ്ങള്‍ പത്ത് ദിവസത്തിനകം നീക്കണം; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമര്‍ശിച്ചു. അനധികൃത കൊടിമരങ്ങളുടെ കൃത്യമായ എണ്ണം കോടതിയെ അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

കൊടിമരങ്ങളെ കുറിച്ച് സര്‍വേയും കണക്കെടുപ്പും നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്ത് 42,337 കൊടിമരങ്ങളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇതില്‍ എത്ര എണ്ണമാണ് അനധികൃതമെന്ന ചോദ്യത്തിന് കണക്ക് കൃത്യമായി ലഭ്യമല്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

പാതയോരങ്ങളിലെ കൊടിമരങ്ങള്‍ മാറ്റാന്‍ തയ്യാറാകാത്തതിനെ കോടതി കുറ്റപ്പെടുത്തി. അനുമതിയില്ലാതെ ആര്‍ക്കും എവിടെയും കൊടിമരങ്ങള്‍ സ്ഥാപിക്കാം എന്ന സ്ഥിതിയാണെന്നും, സര്‍ക്കാരിന്റെ ഏകദേശ കണക്കില്‍ പോലും ഇത്രയധികം കൊടിമരങ്ങളുണ്ട് എന്നത് ഗൗരവമേറിയ കാര്യമാണെന്നും കോടതി പറഞ്ഞു. നിയമവ്യവസ്ഥയുടെ അഭാവമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം.

അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കണം. കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് പത്തുദിവസത്തിനകം സ്വമേധയാ അവ എടുത്തുമാറ്റാം. ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം നിലപാട് വ്യക്തമാക്കാന്‍ 10 ദിവസത്തെ സാവകാശം കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതുവരെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

Read more

സ്വാധീനമുള്ള പാര്‍ട്ടിയോ സംഘടനയോ എവിടെയൊക്കെയുണ്ടോ അവിടെല്ലാം കൊടിമരങ്ങള്‍ സ്ഥാപിക്കുന്ന സംസ്‌കാരം സമൂഹത്തില്‍ വ്യാപിച്ചിരിക്കുകയാണെന്ന് ഹൈക്കോടതി നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു. കൊടിമരങ്ങള്‍ നാട്ടുന്നവര്‍ക്ക് ആ സ്ഥലം പിന്നീടു തങ്ങളുടെ സ്വന്തമാണെന്ന ധാരണയാണ്. അനധികൃത കൊടിമരങ്ങള്‍ക്ക് ഉപയോഗിച്ച സാധനങ്ങള്‍ കൊണ്ട് പത്തു ഫാക്ടറികള്‍ തുടങ്ങാനാവുമെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.