കൊച്ചിക്ക് യുഡിഎഫ് തരംഗം; കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ചു; ദീപ്തി മേരി വര്‍ഗീസ് അടക്കം പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ആധികാരിക ജയം

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് തരംഗം. കഴിഞ്ഞ കുറി ചുണ്ടിനും കപ്പിനും ഇടയില്‍ ഇഞ്ചോടിഞ്ച് നഷ്ടപ്പെട്ട കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികളായി കരുതപ്പെട്ടവരെല്ലാം ആധികാരികമായി ജയിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥികളെല്ലാം തോറ്റു. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ചര്‍ച്ച ചെയ്യപ്പെട്ട ദീപ്തി മേരി വര്‍ഗീസ് മികച്ച വിജയമാണ് നേടിയത്.

വിമതരെ കൊണ്ട് പൊറുതിമുട്ടിയെ കൊച്ചിയില്‍ അവരേയും നേരിട്ടാണ് കോണ്‍ഗ്രസിന്റെ ഗംഭീര വിജയമെന്നതും ശ്രദ്ധേയമാണ്. 45 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നേറുന്നത്, എല്‍ഡിഎഫ് 17 ഇടത്തും എന്‍ഡിഎ നാലിടത്തും മാത്രമാണ് ലീഡുള്ളത്.

Read more

2020 ല്‍ കോണ്‍ഗ്രസ് വിമതരുടെ കൂടെ പിന്തുണയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്ത കോര്‍പ്പറേഷനാണ് കൊച്ചി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് 34, യുഡിഎഫ് 31, എന്‍ഡിഎ 5, സ്വതന്ത്രര്‍ 4 എന്നിങ്ങനെയായിരുന്നു കക്ഷി നില. കഴിഞ്ഞ തവണ നഷ്ടമായ ഭരണം ഇത്തവണ തിരികെ പിടിക്കുമെന്ന് ഉറപ്പിച്ചാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫ് കൊച്ചിയിലിറങ്ങിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എറണാകുളം എംപി ഹൈബി ഈഡനും നേരിട്ടിറങ്ങി നേതൃത്വം നല്‍കിയ തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ യുഡിഎഫ് തരംഗമാണ് കൊച്ചിയില്‍ കണ്ടത്.