നടിയെ മുന്‍നിര്‍ത്തി വോട്ടുചോദിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ല; കെ. മുരളീധരന്‍

നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ പരാതിയില്‍ യു.ഡി.എഫിന് ഒരു പങ്കുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേസില്‍ ഇടപേടണ്ട സാഹചര്യം ഉണ്ടായിട്ടില്ല. നീതി ലഭിക്കണമെന്ന് തന്നെയാണ് യുഡിഎഫിന്റെ ആവശ്യം. അന്വേഷണം നടക്കുമ്പോള്‍ കേസ് വഴി തിരിച്ച് വിടരുത് എന്ന് കരുതിയാണ് ഒന്നും പറയാത്തത്

നടിയെ മുന്നില്‍ നിര്‍ത്തി വോട്ട് ചോദിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ല. ആക്രമിക്കപ്പെട്ട നടിയെ സംബന്ധിച്ചിടത്തോളം കേസ് അട്ടിമറിക്കപ്പെടാന്‍ പോകുന്നു എന്ന് അവര്‍ക്ക് സംശയം തോന്നിയപ്പോള്‍ അവര്‍ കോടതിയെ സമീപിച്ചത് തെറ്റാണോ. അത് അവരുടെ സ്വാതന്ത്ര്യമല്ലേയെന്നും കെ മുരളീധരന്‍ ചോദിച്ചു. എം.എം മണിക്ക് സ്ത്രീകളെ അധിക്ഷേപിക്കാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലാണ് ദൂരുഹത. തെറ്റായ നടിപടി ജനങ്ങള്‍ മനസിലാക്കും. സ്ത്രീകളുടെ ഇത്തരം പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കേസില്‍ യുഡിഎഫ് രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും പ്രതികരിച്ചു. പ്രതിപക്ഷത്തിന് കേസ് തിരഞ്ഞെടുപ്പ് ആയുധമല്ല. കേസിനെ രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ല. നടി കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കേണ്ടത് പൊലീസും സര്‍ക്കാരുമാണ്. അതിജീവിതയ്‌ക്കൊപ്പമെന്ന് പറയുന്ന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പ്രതീതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്നായിരുന്നു വിശ്വാസം. സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കോടതിയില്‍ പറഞ്ഞ പലകാര്യങ്ങളില്‍ നിന്നും പ്രോസിക്യൂഷന്‍ പിന്‍വാങ്ങുകയും ധൃതിപിടിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. അപ്പോഴൊന്നും തങ്ങള്‍ പ്രതികരിച്ചിട്ടില്ല. അതിജീവിത സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കോടതിയെ സമീപിച്ചപ്പോഴാണ് അന്വേഷണം വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.