'ദുരിതകാലത്ത് കേരളത്തിനൊപ്പം'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ നൽകി അതിഥി തൊഴിലാളികൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി രാജസ്ഥാനിൽ നിന്ന് എത്തിയ അതിഥി തൊഴിലാളികൾ. നീലേശ്വരത്ത് ഗ്രാനൈറ്റ് ജോലി ചെയ്യുന്ന ഭരത്പുർ സ്വദേശിയായ വിനോദ് ജാഗിദ്, മോഹല്ല സ്വദേശി മഹേഷ് ചന്ദ് ജാഗിദ് എന്നിവരാണ് ദുരിതകാലത്ത് കേരളത്തിനൊപ്പം നിന്നത്. ഇരുവരും ജോലി ചെയ്ത് സമ്പാദിച്ച 5000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന  ചെയ്തത്.

പണവുമായി നീലേശ്വരം പോലീസ് സ്റ്റേഷനിലേക്കാണ് ഇവർ എത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഈ തുകയെന്നും മറ്റെവിടെയും കൊടുക്കാൻ വിശ്വാസമില്ലാത്തതിനാലാണ് ഇവിടെയെത്തിയതെന്നും അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. നീലേശ്വരം സി.ഐ. എം.എ.മാത്യുവിന് തുക കൈമാറി. ഉടൻതന്നെ പോലീസ് ഓൺലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചു. അതുകണ്ട് ബോദ്ധ്യപ്പെട്ടതിനു ശേഷമാണ് അവർ മടങ്ങിയത്. പോലീസുകാർ അവരുടെ നല്ല മനസ്സിനെ അഭിനന്ദിക്കുകയും ചെയ്തു.

ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾക്കുവേണ്ടി നിരവധി പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്. നാട്ടുകാർക്കെല്ലാം സൗജന്യ റേഷൻ നൽകിയതിനൊപ്പം അന്യസംസ്ഥാനതൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങളും സർക്കാർ നൽകിയിരുന്നു. ദുരിതകാലത്ത് ചേർത്തുപിടിച്ച നാടിന് തങ്ങൾക്കാവുന്ന രീതിയിൽ സഹായം എത്തിക്കുകയാണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ.