IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

എംഎസ് ധോണിയെ താൻ ഒരു പിതാവായാണ് കാണുന്നതെന്ന് സിഎസ്‌കെ പേസർ മതീശ പതിരണ അടുത്തിടെ പറഞ്ഞിരുന്നു. ശ്രീലങ്കൻ താരം പതിരണ 2022 ൽ ചെന്നൈ ടീമിന്റെ ഭാഗമായിട്ട് ടീമിൽ എത്തിയതാണ്. ധോണിയുടെ മാർഗനിർദേശത്തിന് കീഴിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ചതു മുതൽ ഒരു സുപ്രധാന താരമായി ശ്രീലങ്കൻ താരം മാറി. അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടാൻ ചെന്നൈയെ നയിച്ച സിഎസ്‌കെയുടെ മുൻ ക്യാപ്റ്റൻ താരത്തിന് ആവശ്യമായ ഉപദേശം നൽകിയിരുന്നു.

ഐപിഎൽ 2024 ലും മികച്ച പ്രകടനം നടത്താൻ താരത്തിന് സാധിച്ചിരുന്നു. ശ്രീലങ്കൻ ടീമിൽ താരതമ്യേന ഭേദപ്പെട്ട പ്രകടനം മാത്രം നടത്തുന്ന താരത്തിൽ നിന്ന് ചെന്നൈ ടീമിലെ ഹീറോ എന്ന നിലയിൽ ഉള്ള പ്രകടനം നടത്താൻ താരത്തിന് സാധിക്കുന്നു ഇപ്പോൾ. തൻ്റെ ക്രിക്കറ്റ് കരിയറിലെ ധോണിയുടെ സ്വാധീനത്തെക്കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്.

“എൻ്റെ പിതാവിന് ശേഷം, എൻ്റെ ക്രിക്കറ്റ് കരിയറിൽ, അദ്ദേഹം എൻ്റെ പിതാവിൻ്റെ സ്ഥാനം ഏറ്റെടുത്തതുപോലെയാണ്, കാരണം അദ്ദേഹം എന്നെ നോക്കുകയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഉപദേശം നൽകുകയും ചെയ്യുന്നു. ഞാൻ വീട്ടിലായിരിക്കുമ്പോൾ അച്ഛൻ ചെയ്തിരുന്നത് പോലെ. എനിക്ക് അത് മതിയെന്ന് തോന്നിയിട്ടുണ്ട്. ഞാൻ മൈതാനത്തും പുറത്തും ആയിരിക്കുമ്പോൾ അവൻ അധികം സംസാരിക്കില്ല. ധോണി ചെറിയ കാര്യങ്ങൾ പറയുകയാണെങ്കിൽപ്പോലും, അത് വലിയ സ്വാധീനം ചെലുത്തുകയും എൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ”ഒരു ഷോയിൽ പേസർ വെളിപ്പെടുത്തി.

കൂടാതെ, മറ്റൊരു സീസണിൽ ധോണി സിഎസ്‌കെയിൽ കളിക്കണമെന്ന് പതിരണ അഭ്യർത്ഥനയും നടത്തി.“മഹി ഭായ്, നിങ്ങൾക്ക് കഴിയുമെങ്കിൽ ഒരു സീസൺ കൂടി ഞങ്ങളോടൊപ്പം നിൽക്കൂ. ഞാൻ അവിടെയുണ്ടെങ്കിൽ, ”അദ്ദേഹം പറഞ്ഞു.