ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്ത് പൊതുദർശനത്തിന് വെച്ചു

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്ത് പൊതുദർശനത്തിന് വെച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അതേസമയം കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. 300 പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിനെ സി.പി.എം പ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് മർദ്ദിച്ചത്. കേസില്‍ സി.പി.എം കാവുങ്ങല്‍പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന്‍ (36), പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം (27), നെടുങ്ങാടന്‍ ബഷീര്‍ (36), വലിയപറമ്പില്‍ അസീസ് (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മെച്ചപ്പെടുത്താന്‍ ആരംഭിച്ച ‘സ്ട്രീറ്റ് ലൈറ്റ് ചലഞ്ച്’ പദ്ധതിയെ കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജിന്‍ തടസ്സം നില്‍ക്കുന്നു എന്ന് ആരോപിച്ച് ശനിയാഴ്ച ഇവിടെ വിളക്കണയ്ക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം നടക്കുന്നതിനിടെയാണ് നാലുപേര്‍ ദീപുവിനെ വീട്ടില്‍നിന്നു പിടിച്ചിറക്കി മർദ്ദിച്ചത്. പരിക്കേറ്റ ദീപുവിനെ പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്.