'വിചാരണ സമയത്ത് കോടതിയിൽ എത്തിയത് പത്ത് ദിവസത്തിൽ താഴെ മാത്രം, അരമണിക്കൂർ കോടതിയിൽ...ആ സമയം ഉറങ്ങുകയാണ് പതിവ്'; നടിയെ ആക്രമിച്ച കേസിൽ അഡ്വ. ടി ബി മിനിക്കെതിരെ വിചാരണ കോടതി

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിയെ വിമർശിച്ച് വിചാരണ കോടതി. വിചാരണ സമയത്ത് കോടതിയിൽ എത്തിയത് പത്ത് ദിവസത്തിൽ താഴെ മാത്രമാണെന്നും അരമണിക്കൂർ കോടതിയിൽ ഉണ്ടായിരുന്നതെന്നും ആ സമയം ഉറങ്ങുകയാണ് പതിവ് എന്നും കോടതി രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു.

കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല. കേസിന്റെ വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവ്.

വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമർശിച്ചു.