മസാല ബോണ്ടില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ നടപടിയെന്ന് ഇഡി; വിരട്ടാന്‍ നോക്കേണ്ട, നിയമ പോരാട്ടം തുടരുമെന്ന് തോമസ് ഐസക്ക്

എന്‍ഫോഴ്‌സ്‌മെന്റ വിരട്ടാന്‍ നോക്കണ്ടായെന്നും പൗരന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും തോമസ് ഐസക്. എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് പറയട്ടെ. ഇഡി വിരട്ടാമെന്ന് വിചാരിക്കണ്ട. നിയമ പോരാട്ടം തുടരുമെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

ഡല്‍ഹിയില്‍ ഇരിക്കുന്ന ആരുടെയെങ്കിലും ആഗ്രഹം കാരണമാകും തന്റെ പിന്നാലെ ഇഡി വരുന്നതെന്നും തോമസ് ഐസക് പറഞ്ഞു. . അതേസമയം വിദേശത്ത് മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമലംഘനമുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി മുന്‍മന്ത്രി തോമസ് ഐസക്കിനും കിഫ്ബിക്കും ഇഡി വീണ്ടും സമന്‍സ് അയച്ചത് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി മെയ് 22ന് പരിഗണിക്കാന്‍ മാറ്റി.

പുതിയ സമന്‍സിന്മേല്‍ മറുപടി നല്‍കാന്‍ ഇഡി സാവകാശം തേടിയതോടെയാണ് ഹര്‍ജികള്‍ വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റിയത്. ഇക്കാലയളവില്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി ആര്‍ രവി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി തോമസ് ഐസക് ഇനിയും ഹാജരായില്ലെങ്കില്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.