വയനാട്ടിലെ കടുവ ആക്രമണം; ഇന്നും കാല്‍പ്പാടുകള്‍ കണ്ടെത്തി; കടുവയെ പിടികൂടാതെ മൃതദേഹം സംസ്‌കരിക്കില്ല; പ്രതിഷേധവുമായി നാട്ടുകാര്‍

വയനാട് വാകേരിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. പ്രജീഷിനെ കൊലപ്പടുത്തിയ കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവുണ്ടായില്ലെങ്കില്‍ മൃതദേഹവുമായി പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. കടുവയെ പിടികൂടാനായി പ്രദേശത്ത് ഇന്ന് തിരച്ചില്‍ നടത്തും.

പ്രദേശത്ത് ഇന്നും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. രാവിലെ തോട്ടത്തിലേക്ക് പോയ പ്രജീഷിനെ ഉച്ച കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു പ്രജീഷിന്റെ മൃതദേഹം. ഇന്നും പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. തോട്ടം തൊഴിലാളികളും ക്ഷീര കര്‍ഷകരും കൂടുതലായുള്ള പ്രദേശമാണിത്. കടുവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ എട്ട് വര്‍ത്തിനിടെ ഏഴ് ജീവനുകളാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ നഷ്ടമായത്.