തൊഴിലുറപ്പ് കൂലിയില്‍ വര്‍ദ്ധനവ്; കേരളത്തില്‍ 13 രൂപ കൂട്ടി, പെരുമാറ്റച്ചട്ട ലംഘനമെന്ന് വിമര്‍ശനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വർധിപ്പിച്ച് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. എട്ട് മുതൽ 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഏഴ് രൂപ മുതൽ 34 രൂപവരെ കൂലിയിൽ വർധനവുണ്ടാകും. കേരളത്തിൽ 13 രൂപയുടെ വർധനവാണ് ഉണ്ടാവുക. നിലവിൽ 333 രൂപയാണ് കേരളത്തിൽ. പുതുക്കിയ കൂലി ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും.

തെലങ്കാന, ആന്ധ്രാപ്രദേശ്, ഛത്തീസ്‌ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിനമുള്ള കൂലിയിൽ ഏറ്റവും കൂടുതൽ വർധനവുണ്ടായത് ഗോവയിലാണ്. 34 രൂപയുടെ വർദ്ധനവാണിവിടെ. ഇതോടെ ഗോവയിലെ തൊഴിലാളികൾക്ക് 356 രൂപ വേതനമായി ലഭിക്കും. വർധനവ് ഏറ്റവും കുറവ് യുപിയിലാണ്. ഏഴ് രൂപയാണ് വർദ്ധനവ്. നിലവിൽ കൂലി ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്ന് യുപിയാണ്. 230 രൂപയാണ് നിലവിലെ ഇവിടത്തെ കൂലി.

ഏറ്റവും കൂടുതൽ വേതനം കിട്ടുന്ന ഹരിയാനയിൽ വർധനവ് വരുന്നതോടെ 374 രൂപയാകും കൂലി. എട്ട് മുതൽ 10.5 ശതമാനം വരെ. 17 രൂപയുടെ വർധനവുമായി ബിഹാർ തൊട്ടുപിന്നിലുണ്ട്. 14.5 കോടി ജനങ്ങളാണ് രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിൽ ചെയ്യുന്നത്. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യം പരിഗണിച്ച് വ്യത്യസ്‌ത കൂലിയാണുള്ളത്.

Read more

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂലിവർധിപ്പിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് വിമർശനം ഉയരുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് പ്രത്യേക അനുമതി വാങ്ങിയശേഷമാണ് ഗ്രാമ വികസന മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയതെന്നാണ് വിശദീകരണം.