തൊണ്ടിമുതൽ തിരിമറി കേസിലെ കോടതി വിധിക്ക് പിന്നാലെ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ. വിഷയം ബാർ കൗൺസിൽ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. ആൻ്റണി രാജുവിന് ബാർ കൗൺസിൽ നോട്ടീസ് നൽകും.
വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആൻ്റണി രാജുവിന്റെ നടപടി നാണക്കേടെന്ന് ബാർ കൗൺസിൽ വ്യക്തമാക്കി. അതേസമയം അയോഗ്യത വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കും മുന്‍പ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം. സ്പീക്കറെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയില്‍ ആയി അയച്ചു നല്‍കുകയോ ചെയ്‌തേക്കും.
വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് നീക്കം. അതേസമയം ആന്റണി രാജു മേൽക്കോടതിയിൽ പോയി അയോഗ്യത നീക്കിയാലും ആന്‍റണി രാജുവിനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നാണ് സിപിഐ വിലയിരുത്തൽ. സീറ്റ് സി.പിഐ.എം ഏറ്റെടുക്കുകയോ കേരള കോൺഗ്രസിന് നൽകുകയോ ചെയ്തേക്കും.







