ഇഡിയ്ക്ക് മുന്നില്‍ തോമസ് ഐസക് ഇന്നും ഹാജരാകില്ല; കടുത്ത നടപടി വേണ്ടെന്ന് ഹൈക്കോടതി

മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്നും ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. മസാല ബോണ്ട് കേസില്‍ ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് ഇഡി തോമസ് ഐസക്കിന് ഏഴാം തവണയും സമന്‍സ് നല്‍കിയത്. ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്ത് ഐസക് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും.

തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഉത്തരവ് വന്ന ശേഷമായിരിക്കും ഹാജരാകുന്നതില്‍ തുടര്‍നടപടി. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വരെ കടുത്ത നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഇഡിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം മസാല ബോണ്ട് വഴി സ്വീകരിച്ച മുഴുവന്‍ തുകയും കിഫ്ബി തിരിച്ചടച്ചിട്ടുണ്ട്.

ഇന്ത്യന്‍ കറന്‍സിയില്‍ വിദേശ നിക്ഷേപകരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാല ബോണ്ട്. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി നടത്തിയ ധനസമാഹരണത്തില്‍ ക്രമക്കേട് ആരോപിച്ചാണ് തോമസ് ഐസക്കിനെതിരെ ഇഡി അന്വേഷണം. ഐസക്കിന്റെ മൊഴിയെടുക്കേണ്ടത് കേസിന് അനിവാര്യമാണെന്നാണ് ഇഡിയുടെ നിലപാട്.