തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന്

അന്തരിച്ച മുന്‍ മന്ത്രിയും കുട്ടനാട് എം.എല്‍.എയുമായ തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചക്ക് 2-ന് ചേന്നങ്കരി സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയിലാണ് ചടങ്ങുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. ഇന്നലെയാണ് ചാണ്ടിയുടെ ഭൗതീക ശരീരം ആലപ്പുഴയില്‍ എത്തിച്ചത്. ഇ.എം.എസ് സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മന്ത്രിമാരായ തോമസ് ഐസക്, മേഴ്‌സിക്കുട്ടിയമ്മ, കെ.ടി.ജലീല്‍ എന്നിവരുള്‍പ്പടെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

അര്‍ബുദബാധിതനായിരുന്ന തോമസ് ചാണ്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ റേഡിയേഷന്‍ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളായി മരിക്കുകയായിരുന്നു.

പിണറായി മന്ത്രിസഭയില്‍ ഏഴ് മാസക്കാലം ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. പദവി രാജിവെച്ച ശേഷം എന്‍സിപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി. നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ എന്ന വിശേഷണമുള്ള തോമസ് ചാണ്ടിക്ക് വിദേശത്തും സ്വദേശത്തുമായി നിരവധി സ്ഥാപനങ്ങളുണ്ട്. കുവൈത്ത് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ്. കുവൈറ്റ് ചാണ്ടി എന്ന പേരിലും കുട്ടനാട്ടില്‍ തോമസ് ചാണ്ടി അറിയപ്പെട്ടിരുന്നു.