ഇത് പിണറായിസത്തിന്റെ വികൃതമുഖം, മൈക്കിലൂടെ വീരവാദം വേണ്ട: കെ. മുരളീധരന്‍

കെ.കെ രമ എംഎല്‍എയ്ക്കും രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത ഒളിംപ്യന്‍ പി.ടി ഉഷയ്ക്കും എതിരായ എളമരം കരീമിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കെ. മുരളീധരന്‍. എളമരം കരീം എംപിയുടെ പ്രസ്താവനകള്‍ പിണറായിസത്തിന്റെ വികൃതമുഖമാണെന്ന് മുരളീധരന്‍ പറഞ്ഞു.

സഹപ്രവര്‍ത്തകനെ കൊന്നതും പോരാഞ്ഞിട്ടാണ്, ഭാര്യ കെകെ രമയെ ഒറ്റുകാരിയാക്കിയത്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സഖാവ് എന്ന് വിളിച്ച ടിപിയെ പിണറായി കുലംകുത്തിയാക്കുകയായിരുന്നു. ആര്‍ക്കും രാഷ്ട്രീയ തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. മൈക്കിലൂടെ വീരവാദം വേണ്ട, ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ കേസെടുക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

വടകര ഒഞ്ചിയത്ത് സിപിഎം സംഘടിപ്പിച്ച സിഎച്ച് അശോകന്‍ അനുസ്മരണ ചടങ്ങിലായിരുന്നു കെ.കെ രമയ്ക്കും പി.ടി ഉഷയ്ക്കും എതിരായ എളമരം കരീമിന്റെ അധിക്ഷേപം. കെ.കെ രമയുടെ എംഎല്‍എ സ്ഥാനം പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുളള പാരിതോഷികമെന്നായിരുന്നു എളമരം കരീം പറഞ്ഞത്.

പി ടി ഉഷയെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതിന് എതിരെയും എളമരം കരീം രംഗത്തെത്തിയിരുന്നു. സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയാണുള്ളത്. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം വിമര്‍ശിച്ചത്.

Read more

ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നും കരീം പറഞ്ഞിരുന്നു. പി ടി ഉഷയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.