'ഇത് ഞങ്ങള്‍ ഉപയോഗിക്കുന്ന ബുള്ളറ്റല്ല'; വെടിവെച്ചത് തങ്ങളല്ലെന്ന് നേവി

ഫോര്‍ട്ട്കൊച്ചിയില്‍ മല്‍സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റ സംഭവത്തില്‍ പ്രതികരണവുമായി നേവി ഉദ്യോഗസ്ഥര്‍. വെടിവെച്ചത് തങ്ങളല്ലെന്ന് നാവികസേന വ്യക്തമാക്കി. നാവികസേന ഫയറിംഗ് പ്രാക്ടീസ് നടത്തുന്ന ബുള്ളറ്റല്ല ഇതെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും നാവികസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫോര്‍ട്ട് കൊച്ചി നേവി ക്വാര്‍ട്ടേഴ്സിന് സമീപത്ത് വെച്ചാണ് ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന് ചെവിക്കുസമീപം വെടിയേറ്റത്. കടലില്‍ നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെവെച്ചാണ് വെടിയേറ്റത്. 32ഓളം പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. ഈസമയം നേവി ഉദ്യോഗസ്ഥര്‍ ഫയറിംഗ് പരിശീലനം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞിരുന്നു.

വെടിയേറ്റ സെബാസ്റ്റ്യന്‍ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് ദൃക്‌സാക്ഷി മൈക്കിള്‍ പറഞ്ഞു. ബോട്ടിന്റെ മധ്യഭാഗത്തായിരുന്നു സെബാസ്റ്റ്യന്‍ നിന്നിരുന്നത്. വെടിയുണ്ട ചെവിയില്‍ കൊണ്ട് സെബാസ്റ്റ്യന്‍ മറിഞ്ഞു വീണു. ചെവി മുറിഞ്ഞു. അഞ്ച് തുന്നലുണ്ട്.