രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളില്‍ തന്നെ; മൂന്നാം ബലാല്‍സംഗ കേസിലെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളി

മൂന്നാമത്തെ ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്‌ട്രേറ്റ് കോടതി. പീഡനക്കേസില്‍ പൊലീസ് അറസ്റ്റിന് പിന്നാലെ കോടതി റിമാന്‍ഡിലയച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. വിശദമായ വാദത്തിനു ശേഷമാണ് തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് രാഹുലിന് ജാമ്യം നിഷേധിച്ചത്. ജഡ്ജി അരുന്ധതി ദിലീപ് ആണ് ജാമ്യഹര്‍ജി തള്ളി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം അടച്ചിട്ട കോടതി മുറിയില്‍ പ്രതിഭാഗവും പ്രോസിക്യൂഷനും തമ്മില്‍ നീണ്ട വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി.ദേവിയാണ് ഹാജരായത്.

ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ അറിയിച്ചു. തിങ്കളാഴ്ച ഹർജി നൽകും. കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് അന്വേഷണ സംഘം അതീവ രഹസ്യമായ നീക്കത്തിലൂടെ കസ്റ്റഡിയിലെടുക്കുന്നത്.

രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. രാഹുല്‍ നിരന്തരമായി കുറ്റം ചെയ്യുന്ന ആളാണെന്നും നിരന്തര പരാതികള്‍ ഇയാള്‍ക്കെതിരില്‍ ഉയര്‍ന്നുവന്നതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. എല്ലാം പരസ്പര സമ്മതത്തോടെയാണ് ചെയ്തതെന്നും ജാമ്യം കിട്ടിയാല്‍ പ്രതി മുങ്ങില്ലെന്നും ഉത്തരവാദിത്തമുള്ള ജനപ്രതിയാണെന്നുമായിരുന്നു മൂന്നാം ബലാല്‍സംഗ കേസിലും പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.

Read more

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ ഇന്നലെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കവെ പ്രോസിക്യൂഷന്‍ നിര്‍ണായക നീക്കം നടത്തിയിരുന്നു.വാദത്തിനിടെ അതിജീവിതയുടെ മൊഴിയെടുത്തതിന്റെ വീഡിയോ, സിഡിയിലാക്കി കോടതിയില്‍ സമര്‍പ്പിക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്തത്. ഐടി ആക്ട് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് സഹിതമായിരുന്നു തിരുവല്ല മജിസ്‌ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന്‍ ഇത് ഹാജരാക്കിയത്. ഓണ്‍ലൈന്‍ ആയി രഹസ്യമൊഴി രേഖപ്പെടുത്താന്‍ അതിജീവിത തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. വിദേശത്ത് ആയതിനാല്‍ ഓണ്‍ലൈന്‍ ആയി രഹസ്യമൊഴി എടുക്കണമെന്നാണ് അപേക്ഷ.